അബ്ദുൽ വഹാബ്,ഫക്രുദ്ദീൻ
ചെറായി: കുത്തിപ്പരിക്കേൽപിച്ച് വധഭീഷണിമുഴക്കി ചെക്ക് ബുക്കുകളും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ.തൃശൂർ ചിറമങ്ങാട് തൈക്കാല വളപ്പിൽ വീട്ടിൽ അബ്ദുൽ വഹാബ് (40), പള്ളുരുത്തി തങ്ങൾ നഗർ ഭാഗത്ത് തങ്ങൾ വീട്ടിൽ ഫക്രുദ്ദീൻ (57) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30നാണ് സംഭവം. ആലപ്പുഴ കണ്ണമംഗലം സ്വദേശി ബിജുവിനെ സംഘം അയ്യമ്പിള്ളിയിലെ റിസോർട്ടിലെത്തിച്ച് കുത്തിപ്പരിക്കേൽപിച്ചും ഭീഷണിപ്പെടുത്തിയും 17 ലക്ഷം രൂപയുടെ ചെക്ക് ഇവരുടെ പേരിൽ എഴുതി വാങ്ങുകയായിരുന്നു.
ഒരുമാസം മുമ്പ് പരിചയപ്പെട്ട ഒന്നാം പ്രതി അബ്ദുൽ വഹാബാണ് ബിജുവിനെ റിസോർട്ടിൽ എത്തിച്ചത്.റിസോർട്ട് ഉടമയുടെ പക്കൽനിന്ന് 15 ലക്ഷം രൂപ വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപ്പോയത്.റിസോർട്ടിലെത്തിയപ്പോൾ മറ്റു എട്ടുപേർകൂടി ചേർന്നു മർദിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ചെക്ക് എഴുതിവാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.
എ.ടി.എം കാർഡും വാഹനത്തിൽ സൂക്ഷിച്ച ചെക്ക് ബുക്കുകളും അപഹരിച്ചു. ബിജുവിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്. മറ്റുള്ളവർക്കുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചു.ഇൻസ്പെക്ടർ എ.എൽ. യേശുദാസിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വി.കെ. ശശികുമാർ, ടി.കെ. രാജീവ്, എ.എസ്.ഐ ബിജു സി.പി.ഒമാരായ കെ.എ. ബെൻസി, ശരത് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.