പതിനാലുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ
വണ്ടൂർ (മലപ്പുറം): കൊലയാളിക്കാണ് വെള്ളം നല്കി സഹായിച്ചതെന്ന ഞെട്ടലിലാണ് ആക്കുംമ്പാറിലെ പൂവത്തി ഫാത്തിമ. വീട്ടിലെത്തിയാൽ വിളിക്കണമെന്ന് ഉപദേശിച്ച്, വഴികാണിച്ചാണ് പറഞ്ഞുവിട്ടത്.
വ്യാഴാഴ്ച രാത്രി 8.30ന് ഇശാ നമസ്‌കാരത്തിനുള്ള ഒരുക്കത്തിനിടെയാണ് ഭയന്നുവിറച്ച നിലയിൽ ആൺകുട്ടി വെള്ളം ചോദിച്ച് ഫാത്തിമയുടെ വീട്ടിലെത്തിയത്. കാര്യമന്വേഷിച്ചപ്പോള്‍ വണ്ടൂരിലെ ഒരു കടയില്‍ ജോലി തേടി എത്തിയതാണെന്നും ബസ് കിട്ടാതെ പ്രദേശത്ത് കുടുങ്ങിയെന്നും കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ പേടിച്ചു വീണതാണെന്നും പറഞ്ഞു. വീടന്വേഷിച്ചപ്പോള്‍, കരുവാരകുണ്ടിലാണെന്നായിരുന്നു മറുപടി. അച്ഛനെ വിളിക്കാന്‍ ഫോണ്‍ ചോദിച്ചു. പിന്നീട് വീട്ടുകാരുമായി സംസാരിച്ചശേഷം, വഴി പറഞ്ഞു കൊടുത്താണ് ഫാത്തിമയും സഹോദരന്‍ പൂവത്തി കുഞ്ഞാണിയും യാത്രയാക്കിയത്.
ഇതിനുശേഷവും പരിഭ്രമിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്ന കുട്ടിയെ വഴിയിലേക്ക് ആക്കി കൊടുത്താണ് ഇവര്‍ മടങ്ങിയത്. പിന്നീട് 10 മണിയോടെ അച്ഛന്റെ ഫോണില്‍ വിളിച്ച് അവൻ വീട്ടിൽ എത്തിയെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. വരുന്ന സമയത്ത് കുട്ടിയുടെ കൈയില്‍ രക്തക്കറയുണ്ടായിരുന്നു. ചോദിച്ചപ്പോള്‍, വീണുപരിക്കേറ്റതാണെന്നാണ് ഫാത്തിമയോട് പറഞ്ഞത്.
കൊലപാതകം നടത്തിയ ശേഷം മൂന്നുകിലോമീറ്ററോളം നടന്നാണ് 16കാരൻ ആക്കുമ്പാറിലെത്തിയത്. പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ച ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് തൊടികപ്പുലത്തിയപ്പോഴായിരിക്കാം 16കാരൻ പരിഭ്രാന്തനായി ഓടിയതെന്നാണ് കരുതുന്നത്.
കുറ്റകൃത്യം നടത്തിയ 16കാരനിൽ പ്രതീക്ഷിച്ച അന്ധാളിപ്പും നടുക്കവുമല്ല, മറിച്ച് പൊലീസിനെ വട്ടംകറക്കിയ ക്രമിനല്‍ ബുദ്ധിയാണ് കണ്ടത്. കൊലപ്പെടുത്തിയ രീതി കാണിച്ചുകൊടുത്ത ശേഷം, മൃതദേഹത്തിനരികെ രണ്ടുമണിക്കൂർ ഇരുന്നത് കൂസലില്ലാതെ.
പെണ്‍കുട്ടിയെ കാണാതായ സമയത്തുതന്നെ ആണ്‍സുഹൃത്തിന്റെ പങ്ക് കുടുംബവും പൊലീസും സംശയിച്ചിരുന്നു. എന്നാല്‍, 16കാരന്റെ നിഷ്‌കളങ്കതയായിരുന്നില്ല കുട്ടിയിൽ കണ്ടത്. പരസ്പരവിരുദ്ധ മൊഴികള്‍ നല്കി പൊലീസിനെ വട്ടം കറക്കി. വൈകിട്ട് വരെ തന്റെ കൂടെയുണ്ടായിരുന്നുവെന്നും പിന്നീട് മറ്റൊരാളുടെ കൂടെ പോയെന്നും പറഞ്ഞ 16കാരൻ, പിന്നീട് തൊടികപ്പുലത്തേക്ക് തങ്ങള്‍ ട്രെയിനിൽ പോയെന്നും താന്‍ ഇടതുഭാഗത്തേക്കും പെൺകുട്ടി വലതുഭാഗത്തേക്കും ഇറങ്ങിയെന്നും പിന്നീട് കണ്ടിട്ടില്ലെന്നും പറഞ്ഞു. അതിനുശേഷം അപസ്മാരമിളകി പെണ്‍കുട്ടി വീണുവെന്നും ഭയന്ന താന്‍ ഓടി രക്ഷപ്പെട്ടെന്നും പറഞ്ഞാണ് തൊടികപ്പുലത്ത് മൃതദേഹം കിടന്ന സ്ഥലം പറഞ്ഞു കൊടുത്തത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ മൃതദേഹത്തിനടുത്തെത്തിച്ചപ്പോഴും ഭാവ വ്യത്യാസമൊന്നുമില്ലാതെ രണ്ടു മണിക്കൂറോളം ഇതിനടത്തു നിന്നു. പൊലീസ് തിരിച്ചും മറിച്ചു ചോദ്യം ചെയ്തപ്പോഴും പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.