എട്ടുവയസുകാരിയെ മറയാക്കി എം.ഡി.എം.എ കടത്തിയ കുടുംബം പിടിയിൽ

തിരുവനന്തപുരം: എട്ട് വയസുകാരിയെയും സ്ത്രീകളെയും മറയാക്കി എം.ഡി.എം.എ കടത്തിയ കുടുംബം ഉൾപ്പെടെയുള്ളവർ പിടിയിൽ. ഇവരിൽ നിന്നും നൂറ് ഗ്രാമിലധികം എം.ഡി.എം.എയും പിടിച്ചെടുത്തു. വസ്ത്രക്കച്ചവടത്തിന്‍റെ മറവിൽ തിരുപ്പൂരിലും ബംഗളൂരുവിലും കുടുംബമായി യാത്ര ചെയ്തായിരുന്നു ഇവരുടെ ലഹരി കടത്ത്.

ഇതുസംബന്ധിച്ച് എക്സൈിന് നേരത്തെ രഹസ്യവിവരമുണ്ടായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ആറാലുംമൂട് ചന്തക്ക് സമീപം എക്സൈസ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു പരിശോധിച്ചപ്പോഴാണ് കാറിനുള്ളിലെ മ്യൂസിക് സിസ്റ്റത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. ഈഞ്ചക്കലിന് സമീപം താമസിക്കുന്ന കിരൺ, ബീന എന്നിവരാണ് ഈ ലഹരിക്കടത്തിലെ മുഖ്യ കണ്ണികളെന്ന് അധികൃതർ പറഞ്ഞു.

സംശയമുണ്ടാകാതിരിക്കാൻ കുടുംബസമേതം യാത്ര ചെയ്തായിരുന്നു മയക്കുമരുന്ന് കടത്ത്. കിരണിന്‍റെ 18 വയസുള്ള വനിതാ സുഹൃത്ത് സന്ധ്യ, സുഹൃത്തായ അക്ഷയ് എന്നിവരും ലഹരി വാങ്ങാനുള്ള യാത്രകളിൽ വാഹനത്തിലുണ്ടാകാറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവരെയെല്ലാം പിടികൂടി. കുടുംബമായി യാത്രചെയ്യുന്നതിനാൽ കർണാടക, തമിഴ്നാട് അതിർത്തികളിൽ വിശദമായ പരിശോധനയില്ലാതെ വാഹനം കടത്തിവിട്ടിരുന്നു. കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഇത്തരത്തിൽ ലഹരിവസ്തുക്കൾ കടത്തി വിൽപന നടത്തിവരികയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി. തുണിക്കച്ചവടത്തിന്‍റെ മറവിൽ നടന്ന ലഹരി ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായും എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിച്ച് വരികയാണ്. 

Tags:    
News Summary - Family Arrested for Smuggling MDMA Using 8-Year-Old Child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.