സുഹാസ് ഷെട്ടി വധക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ

മംഗളൂരു: തീവ്ര ഹിന്ദുത്വ പ്രവർത്തകനും ഗുണ്ടാ തലവനുമായിരുന്ന സുഹാസ് ഷെട്ടി വധക്കേസിൽ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു.

അസറുദ്ദീൻ എന്ന അസർ എന്ന അജ്ജു (29), അബ്ദുൾ ഖാദർ എന്ന നൗഫൽ (24), ചോട്ടെ നൗഷാദ് എന്ന വാമഞ്ചൂർ നൗഷാദ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

പണമ്പൂർ, സൂറത്ത്കൽ, മുൽക്കി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് മോഷണ കേസുകളിൽ അസറുദ്ദീനെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. ഷെട്ടിയുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് പ്രതികൾക്ക് നൽകുകയും കൊലപാതകത്തിന് സഹായിക്കുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.

കൊലപാതകത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപ്പെടാൻ ഖാദർ സഹായിച്ചതായി പൊലീസ് പറഞ്ഞു. മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയതിനും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതിനുമാണ് നൗഷാദിനെതിരെ കേസെടുത്തത്. കൊലപാതകം, കൊലപാതകശ്രമം, കവർച്ച ഗൂഢാലോചന എന്നിവയുൾപ്പെടെ ആറ് ക്രിമിനൽ കേസുകൾ ദക്ഷിണ കന്നടയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അസറുദ്ദീനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഖാദറിനെയും നൗഷാദിനെയും കൂടുതൽ അന്വേഷണത്തിനായി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഒന്നിന് മംഗളൂരു നഗരത്തിലെ ബാജ്‌പെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സുഹാസ് കൊല്ലപ്പെട്ടത്.

Tags:    
News Summary - Three more persons arrested in Suhas Shetty murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.