തിരുവനന്തപുരം: പൊലീസിനും നാട്ടുകാർക്കും നേരെ തോക്കുചൂണ്ടി രക്ഷപ്പെട്ട മോഷ്ടാക്കളെ കണ്ടെത്താനായില്ലെങ്കിലും അവർ ഉപയോഗിച്ച സ്കൂട്ടർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശികളാണ് മോഷ്ടാക്കളെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആയുർവേദ കോളജിന് സമീപം ലോഡ്ജിൽ തുണി വിൽപനക്കാരെന്ന വ്യാജേനയാണ് ഇവർ താമസിച്ചിരുന്നത്. ഒരുമാസമായി ഇവർ തലസ്ഥാനത്തുണ്ടെന്നും വ്യക്തമായി.
തിങ്കളാഴ്ച ആറ്റുകാലിന് സമീപം ഒരു വീട്ടിൽ മോഷണം നടത്തിയ ഇവർ ഇടപ്പഴഞ്ഞിയിലെ ഒരു വീട്ടിൽ മോഷണം നടത്താൻ ശ്രമിക്കവെ തടഞ്ഞ നാട്ടുകാർക്ക് നേരെയും പിന്നീട് പിന്തുടർന്ന പൊലീസിന് നേരെയും തോക്ക് ചൂണ്ടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ഈ സംഭവത്തിന് ശേഷവും മോഷ്ടാക്കളായ ഇരുവരും തലസ്ഥാന നഗരത്തിൽ ചുറ്റിയടിച്ചെന്നും അവരെ കണ്ടെത്താൻ പൊലീസ് സംവിധാനം പരാജയപ്പെട്ടെന്നുമാണ് സ്കൂട്ടർ പി.എം.ജിയിൽനിന്ന് കണ്ടെത്തിയ സംഭവം വ്യക്തമാക്കുന്നത്.
ഇവർ ഉപയോഗിച്ചിരുന്ന മഞ്ഞ കളറിലുള്ള സ്കൂട്ടർ പി.എം.ജിയിലെ ജില്ല മൃഗാശുപത്രിക്ക് പിറകിലെ ഇടവഴിയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടത്. ഈ വാഹനം ഇവർ കോവളം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറിൽനിന്ന് വാടകക്കെടുത്തതാണ്. തുടർന്ന് നമ്പർ പ്ലേറ്റ് മാറ്റുകയും ചെയ്തു. വാഹന ഉടമ ഉൾപ്പെടെയുള്ളവരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവർ മുമ്പും മോഷണം നടത്തിയോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് രണ്ടംഗ സംഘം നഗരത്തിൽ ചുറ്റിനടന്ന് ആളില്ലാത്ത വീടുകളിൽ മോഷണം നടത്തിയത്. ആറ്റുകാൽ മേടമുക്ക് കാർത്തിക നഗറിൽ വ്യാപാരിയായ സുരേഷിന്റെ വീട്ടിൽനിന്ന് 13 ഗ്രാം സ്വർണവും അരലക്ഷം രൂപയും മോഷ്ടിച്ചു. തുടർന്ന് നഗരത്തിൽ ചുറ്റിക്കറങ്ങി ഇടപ്പഴഞ്ഞി സി.എസ്.എം നഗറിലെത്തി. ഇവിടെ മോഷണ ശ്രമത്തിനിടെ പ്രദേശവാസികൾ കണ്ടു. തുടർന്നാണ് തോക്ക് കാട്ടി രക്ഷപ്പെട്ടത്. ശ്രീകണ്ഠേശ്വരത്തുവെച്ച് പൊലീസ് പിടിക്കപ്പെടുമെന്നായപ്പോഴും തോക്ക് കാണിച്ച് രക്ഷപ്പെട്ടു. തുണിവിൽപന മറയാക്കിയത് അടഞ്ഞ് കിടക്കുന്ന വീടുകൾ കണ്ടെത്താനാണോയെന്നും സംശയമുണ്ട്. മാസങ്ങളായി ഇവർ യു.പിയിൽനിന്ന് തിരുവനന്തപുരത്ത് വന്ന് പോകുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.