വി.എന്‍. മനോജ്, അഖില്‍, രാകേഷ്, കെ.ആർ. രാഹുല്‍
മണിമല: ആനകുത്തിമല ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ വാഴൂർ സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴൂർ നടേപ്പറമ്പില്‍ വീട്ടില്‍ വി.എന്‍. മനോജ് (40), തെക്കാനിക്കാട് വീട്ടിൽ അഖില്‍ (23), നടേപ്പറമ്പില്‍ വീട്ടിൽ രാകേഷ് (19), കുന്നില്ലാമാരി വീട്ടിൽ കെ.ആർ. രാഹുല്‍ (18) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.
വാഴൂർ ചെങ്കല്ലേപ്പള്ളി ഭാഗത്തുള്ള ടോമി ജോസഫിന്‍റെ കുടുംബവീട്ടിലാണ് പ്രതികൾ മോഷണം നടത്തിയത്. ടോമി ജോസഫിന്‍റെ അമ്മയുടെ മരണത്തെ തുടർന്ന് മൂന്നുമാസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. മോഷ്ടാക്കൾ വീടിന്‍റെ പിൻഭാഗത്തെ വാതിൽപൊളിച്ച് അകത്തുകയറി അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 12,000 രൂപ വിലവരുന്ന ചെമ്പുപാത്രങ്ങളും അലുമിനിയം പാത്രങ്ങളും മോഷ്ടിക്കുകയായിരുന്നു.
ടോമിയുടെ പരാതിയെത്തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തുകയായിരുന്നു. രണ്ടാം പ്രതിയായ അഖിലിന്‍റെ വീട്ടിൽനിന്ന് മോഷണമുതലുകളും പൊലീസ് കണ്ടെടുത്തു. മണിമല എസ്.എച്ച്.ഒ ബി. ഷാജിമോൻ, എസ്.ഐ വി.പി. അനിൽകുമാർ, എ.എസ്.ഐമാരായ സുനിൽകുമാർ, റോബി ജെ. ജോസ്, സി.പി.ഒ അജ്ജുവൂദീൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.