കൊടിയത്തൂർ: പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എൻ.കെ. അഷ്റഫിന്റെ വീട്ടിൽനിന്ന് മോഷണംപോയ ബുള്ളറ്റ് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂലൈ 24ന് മോഷണംപോയ വാഹനമാണ് കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കും കൊടുവള്ളിക്കും ഇടയിൽ ഒളിപ്പിച്ചനിലയിൽ മുക്കം പൊലീസ് കണ്ടെടുത്തത്. അഷ്റഫിന്റെ വീട്ടിൽ നിർത്തിയിട്ട മറ്റൊരു ബുള്ളറ്റും കാറും ആക്രമിസംഘം തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു.
രണ്ടു സംഭവങ്ങളിലും മുക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽനിന്നായി പ്രതികളെ പിടികൂടുകയായിരുന്നു.മോഷണത്തിൽ ഉൾപ്പെട്ട നാല് പ്രതികളിൽ മൂന്ന് പേരെ ആദ്യം പിടികൂടി. മോഷണം നടത്തിയ ബുള്ളറ്റ് കൊടുവള്ളി കരുവമ്പൊയിൽ സ്വദേശിക്ക് കൈമാറുകയായിരുന്നു.
ഇവരുടെ സുഹൃത്തും കേസിലെ നാലാം പ്രതിയുമായ കൊടുവള്ളി സ്വദേശിയുമായ ബംഗളൂരുവിൽ താമസിക്കുന്ന മുഹമ്മദ് റിജാസിനെ (23)ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴാണ് മുക്കം പൊലീസിൽ നിലവിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കേസും അന്വേഷണത്തിൽ വരുന്നതും കേസിന് തുമ്പുണ്ടാകുന്നതും. കൊണ്ടോട്ടി പൊലീസിൽനിന്ന് പ്രതിയെ മുക്കം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബുള്ളറ്റ് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കും കൊടുവള്ളിക്കും ഇടയിൽ ഒളിപ്പിച്ച വിവരം മുഹമ്മദ് റിജാസ് വെളിപ്പെടുത്തുന്നത്.
തെളിവെടുപ്പിനിടയിൽ ബുള്ളറ്റ് മുക്കം പൊലീസ് കണ്ടെത്തുകയായിരുന്നു.മുഹമ്മദ് റിജാസ് മഞ്ചേരി ജില്ല ജയിലിൽ റിമാൻഡിലാണ്. മുക്കം പൊലീസ് ഇൻസ്പെക്ടർ കെ. പ്രജീഷ്, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ.എസ്. ജിതേഷ്, സബ് ഇൻസ്പെക്ടർ ജി. വിജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിബിൽ ജോസഫ്, ജോയി തോമസ്, അബ്ദുറഷീദ്, ഷോബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.