വിവാഹ പരസ്യം നൽകിയ യുവാവിനെ വിളിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

വിവാഹ പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്ത യുവതി പിടിയിൽ. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ്‌ പുത്തൻതുറ വീട്ടിൽ വി.ആര്യ (36) ആണ് അറസ്റ്റിലായത്. പത്തനംതിട്ട കോയിപ്രം പൊലീസാണ് ആര്യയെ പിടികൂടിയത്.

2020 മേയിൽ, കോയിപ്രം കടപ്ര സ്വദേശി അജിത് നൽകിയ പുനർവിവാഹ പരസ്യം കണ്ട് ആര്യ ഫോണിൽ വിളിക്കുകയായിരുന്നു. സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നായിരുന്നു ആര്യ പറഞ്ഞത്. പിന്നീട്, അമ്മയുടെ ചികിത്സയ്ക്കെന്നു പറഞ്ഞ് ഡിസംബർ വരെ പലതവണയായി 4,15,500 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. കൂടാതെ രണ്ടു പുതിയ മൊബൈൽ ഫോണും കൈക്കലാക്കി.

പിന്നീട്, ആര്യയുടെ പ്രതികരണം ഒന്നും ഇല്ലാതായതോടെ 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്ക് അജിത് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോയിപ്രം എസ്.ഐ രാകേഷ് കുമാർ അന്വേഷണം നടത്തി.

മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ശേഖരിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു.

തുടർന്ന് നടന്ന അന്വേഷണത്തിൽ ആര്യയ്ക്കു സഹോദരിയില്ലെന്നും ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞു വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞു. പിന്നീട്, യുവതിയുടെ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പിടികൂടിയത്. പാലക്കാട് കിഴക്കൻചേരിയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടുകയായിരുന്നു.

ആര്യയുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത ഫോൺ യുവാവിനെ കബളിപ്പിച്ച് സ്വന്തമാക്കിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്നതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. ഇതുപോലെ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.  

Tags:    
News Summary - The woman who extorted lakhs was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.