Representational Image
കോഴിക്കോട്: സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ കേസിൽ പ്രതിയുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബ കൊല്ലപ്പെട്ട കേസിൽ ഒന്നാംപ്രതി താനൂർ കുന്നുംപുറം പള്ളിവീട്ടിൽ സമദുമായി കസബ ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ് വെള്ളിയാഴ്ച ഗൂഡല്ലൂരിൽ തെളിവെടുപ്പ് നടത്തി. കൊലക്കുശേഷം സമദും കൂട്ടുപ്രതി സുലൈമാനും ഗൂഡല്ലൂരിലെത്തി താമസിച്ച മുറിയിലും മറ്റുമാണ് പരിശോധന നടത്തിയത്. കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിച്ച രീതിയടക്കമുള്ളവ പ്രതി പൊലീസിന് വിശദീകരിച്ചുനൽകി.
വ്യാഴാഴ്ച സമദിനെ ഇരു പ്രതികളും ഗൂഢാലോചന നടത്തിയ തിരൂരിലെ ലോഡ്ജിൽ ഉൾപ്പെടെ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. പ്രതികൾ സൈനബയെ കടത്തിക്കൊണ്ടുപോയ അൾട്ടോ കാർ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തു. സമദിന്റെ സുഹൃത്തിന്റേതാണ് കാർ. സൈനബയുടെ 15 പവനിലേറെവരുന്ന സ്വർണാഭരണവും മൂന്നു ലക്ഷത്തോളം രൂപയും എന്തുചെയ്തു എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. രണ്ടാംപ്രതി സുലൈമാനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുന്നതോടെ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാനാവൂ. അതിനായി സുലൈമാനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
ഗൂഡല്ലൂർ സ്വദേശിയായ സുലൈമാന്റെ പരിചയത്തിലുള്ള ചിലർക്കും കുറ്റകൃത്യത്തിൽ പങ്കുള്ളതായാണ് സൂചന. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. സുലൈമാനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ സൈനബയുടെ ആഭരണവും പണവും വീണ്ടെടുക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇരുപ്രതികളെയും ഒറ്റക്കിരുത്തിയും പിന്നീട് ഒരുമിച്ചിരുത്തിയും പൊലീസ് ചോദ്യം ചെയ്യും. സമദും സുലൈമാനും ചേർന്ന് നവംബർ ആറിന് തിരൂരിലെ ലോഡ്ജിൽ ഗൂഢാലോചന നടത്തിയാണ് കോഴിക്കോട്ടുനിന്ന് സൈനബയെ കടത്തിക്കൊണ്ടുപോയത്. പിന്നീട് കാറിൽവെച്ച് കൊലപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി മൃതദേഹം നാടുകാണിച്ചുരത്തിലെ കൊക്കയിൽ ഉപേക്ഷിക്കുകയായിരുന്നു. സൈനബയുടെ ഫോൺ കാൾ ഡീറ്റെയിൽസ് നോക്കി സമദിനെ അറസ്റ്റുചെയ്തതിനുപിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.