കോഴിക്കോട്: ആദിവാസികൾക്ക് പട്ടയം നൽകുന്നതിൽ വീഴ്ചവരുത്തിയ തഹസിൽദാരെ സർവിസിൽ തിരിച്ചെടുത്ത് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഇടുക്കി താലൂക്ക് മുൻ തഹസിൽദാർ വിൻസെന്റ് ജോസഫിനെയാണ് തിരിച്ചെടുക്കാൻ ഉത്തരവായത്. അർഹരായ ആദിവാസികൾക്ക് പട്ടയം നൽകുന്നതിൽ വിൻസെന്റ് ജോസഫിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് വിൻസെന്റ് ജോസഫിനെ സേവനത്തിൽ നിന്നും ഈ വർഷം ഫെബ്രുവരി 28ന് സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് പരിശോധന നടത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചെങ്കിലും ഇതുവരെ ഔപചാരിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. വിൻസെന്റ് ജോസഫിനെ സസ്പെൻഡ് ചെയ്ത് ആറ് മാസം തികയുന്നതിനാൽ സർക്കാർ പുനപരിശോധന നടത്തി. ഇദ്ദേഹത്തെ ഇടുക്കി ജില്ലക്ക് പുറത്ത് പൊതുജനസമ്പർക്കം കുറഞ്ഞ തസ്തികയിൽ നിയമിക്കുന്നതിനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.
ഇടുക്കി കഞ്ഞിക്കുഴി വില്ലേജ് പരിധിയിൽപ്പെടുന്ന കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ 12, 13, 18 വാർഡുകളിൽ അർഹരായ ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് പട്ടയം അനുവദിക്കാത്തത് നേരത്തെ വിവാദമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പരാതികൾ റവന്യൂ വകുപ്പ് മന്ത്രിക്ക് ലഭിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ റവന്യൂ മന്ത്രി നിർദേശം നൽകിയത്. അന്വേഷണ റിപ്പോർട്ടിൽ അർഹരായ ആദിവാസി ജനവിഭാഗങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിൽ തഹസിൽദാർ വീഴ്ച വരുത്തിയതായി കണ്ടെത്തി. പട്ടയ അപേക്ഷകൾ സ്വജനപക്ഷപാതത്തോടെയും, ഇഷ്ടക്കാരുടെ ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടുത്തി ഭൂമി പതിച്ച് നൽകേണ്ടവരുടെ പട്ടിക തയാറാക്കിയെന്ന് വ്യക്തമായി.
ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ പട്ടയം അനുവദിച്ചുവെന്നും പട്ടയം അനുവദിച്ച ഭൂമിയിൽ നിയമാനുസൃതമല്ലാത്ത പരിവർത്തനങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരിയിൽ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. പുതിയ ഉത്തരവ് പ്രകാരം ലാൻഡ് റവന്യൂ കമീഷണർക്ക് ഇടുക്കിക്ക് പുറത്ത് നിയമനം നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.