ചെന്നൈ: തമിഴിലെ പ്രമുഖ സംഗീത സംവിധായകനിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി തമിഴ് ഗായിക. സംഗീത സംവിധായകന്റെ പേര് വെളിപ്പെടുത്താതെ ‘മദ്രാസിലെ എപ്സ്റ്റീൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ദുരനുഭവം മനസ്സിൽ ആഴത്തിലുള്ള മുറിവ് അവശേഷിപ്പിച്ചെന്നും അതിനാൽ തമിഴ് സിനിമാലോകം ഉപേക്ഷിച്ച് ഋഷികേശിലേക്ക് താമസം മാറിയെന്നും ഗായിക പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഗീത സംവിധായകന്റെ സ്റ്റുഡിയോക്കുള്ളിൽവെച്ചാണ് അതിക്രമം നടന്നതെന്ന് അവർ പറഞ്ഞു. ഒരു കാലത്ത് താൻ സുരക്ഷിതമെന്ന് കരുതിയിരുന്ന സ്ഥലമായിരുന്നു അത്. ശബ്ദപ്രതിരോധ ശേഷിയുള്ളതും സി.സി.ടി.വി കാമറകൾ കൊണ്ട് നിറഞ്ഞതുമാണ് സ്റ്റുഡിയോ മുറി. സി.സി.ടി.വി കാമറയിൽ റെക്കോഡായ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും ഗായിക പറഞ്ഞു. മുറിയിൽനിന്ന് ശബ്ദം പുറത്തുകേൾക്കില്ലായിരുന്നു. ഞാൻ നിലവിളിച്ചെങ്കിലും ആർക്കും എന്റെ ശബ്ദം കേൾക്കാൾ കഴിഞ്ഞില്ല -അവർ പറഞ്ഞു. മദ്രാസിലെ എപ്സറ്റീൻ ആണ് ആ സംഗീത സംവിധായകനെന്നും അവർ ആരോപിച്ചു.
ആ സംഗീത സംവിധായകന്റെ കീഴിലായിരുന്നു താൻ ജോലി ചെയ്തിരുന്നത്. ചൂഷണത്തിന് മുമ്പ് അയാൾ വിശ്വാസം വളർത്തിയെടുത്തിരുന്നു. സ്ത്രീകളിൽനിന്ന് കടം വാങ്ങും, അവ തിരിച്ചു നൽകാറില്ല. പതുക്കെ അവരിൽ അയാൾ വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും, പിന്നീട് ശാരീരികമായി ആക്രമിക്കും. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ മറ്റ് സ്ത്രീകളിൽനിന്ന് തനിക്ക് സന്ദേശങ്ങൾ ലഭിച്ചതായും അവർ പറഞ്ഞു. സ്ത്രീകളെയും സ്റ്റുഡിയോയിൽ വരുന്ന കുട്ടികളെപോലും ചൂഷണം ചെയ്ത് രഹസ്യമായി റെക്കോഡ് ചെയ്യുന്നത് അയാൾക്ക് ഒരു ഹോബി പോലെ മാറി. തന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മറ്റ് സ്ത്രീകളെയും അയാൾ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും ഗായിക പറഞ്ഞു.
ശാരീരിക പീഡനത്തിന് ശേഷം സംഗീത സംവിധായകനിൽ നിന്ന് കനത്ത മാനസിക ആഘാതമാണ് നേരിട്ടത്. ജോലി ഉപേക്ഷിച്ചതോടെ തന്റെ മേൽ മേഷണക്കുറ്റം വ്യാജമായി ആരോപിച്ചു. പലരോടും തന്നെപ്പറ്റി മോശമായി സംസാരിച്ചു. ശാരീരിക- മാനസിക ആഘാതത്തിൽ നിന്ന് പുറത്തുവരാൻ ഒരുപാട് സമയമെടുത്തുവെന്നും കുടുംബമാണ് പൂർണ പിന്തുണ നൽകി കൂടെ നിന്നതെന്നും ഗായിക പറഞ്ഞു. പീഡനം നടന്ന സമയത്ത് അഭിഭാഷകരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും ഭയം കാരണം ഔദ്യോഗികമായി പരാതി നൽകിയില്ല. എന്നാൽ ഇപ്പോൾ സംഗീത സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.