കേസ്​ റദ്ദാക്കണമെന്ന സ്വപ്​നയുടെ ഹരജി അടുത്തയാഴ്ചത്തേക്ക്​ മാറ്റി

കൊച്ചി: സ്വർണക്കടത്ത്​ കേസിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട്​ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന സ്വപ്​ന സുരേഷിന്‍റെ ഹരജി ഹൈകോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. സ്വപ്​നയുടെ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ്​ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ കേസ്​ മാറ്റിയത്​.

മറ്റു ചിലരുമായി ഗൂഢാലോചന നടത്തി മജിസ്ട്രേറ്റിന് മുന്നിൽ സ്വപ്‌ന വ്യാജമൊഴി നൽകിയെന്നും മുഖ്യമന്ത്രിയെയും സർക്കാറിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നുമാരോപിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസെടുത്ത കേസ്​ റദ്ദാക്കണമെന്ന ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ജലീൽ ചെയ്ത കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്നത്​ തടയാനാണ് തനിക്കെതിരെ കേസെടുത്തതെന്നാണ്​ ഹരജിയിലെ ആരോപണം.

സമാന വിഷയത്തിൽ പാലക്കാട് സ്വദേശി സി.പി. പ്രമോദ് നൽകിയ പരാതിയിൽ പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹരജിയും സ്വപ്ന ചൊവ്വാഴ്ച ഹൈകോടതിയിൽ സമർപ്പിച്ചു.

കേസിൽക്കുടുക്കി ഭീഷണിപ്പെടുത്തി രഹസ്യമൊഴി പിൻവലിപ്പിക്കാനാണ് പൊലീസ് ശ്രമമെന്നാണ്​ ഹരജിയിലെ ആരോപണം. രഹസ്യമൊഴി നൽകിയതോടെ തനിക്ക് ഇരകൾക്ക്​ സംരക്ഷണം ഉറപ്പാക്കുന്ന വിക്ടിം പ്രൊട്ടക്ഷൻ സ്കീമിന്റെ ആനുകൂല്യം ലഭ്യമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Swapna Suresh's plea to dismiss the case has been postponed to next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.