തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുകളുപയോഗിച്ച് മാല പിടിച്ചുപറി നടത്തുന്ന രണ്ടംഗ സംഘം പൊലീസ് പിടിയിൽ. വള്ളക്കടവ് ഖദീജ മൻസിലിൽ ഷാരുഖ് ഖാൻ (25), ബന്ധു വള്ളക്കടവ് ഖദീജ മൻസിലിൽ ഹാഷിം (36) എന്നിവരെയാണ് സ്പെഷൽ ആക്ഷൻ ഗ്രൂപ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് ഒന്നിന് രാവിലെ വട്ടിയൂർക്കാവ് അറപ്പുര ജങ്ഷനു സമീപം ബൈക്കിലെത്തിയ പ്രതികൾ വഴിയാത്രക്കാരിയെ ആക്രമിച്ച് സ്വർണമാല പിടിച്ചു പറിച്ച് കടന്നുകളയുകയായിരുന്നു.
ആളറിയിതിരിക്കാൻ ഹെൽമറ്റും ഓവർകോട്ടും ധരിച്ച് മോട്ടോർ സൈക്കിളിൽ വന്ന് പിടിച്ചു പറി നടത്തിയ ഇവരെ കണ്ടെത്താൻ സ്പെഷൽ ടീം നൂറിലേറെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. മറ്റു ശാസ്ത്രീയ അന്വേഷണങ്ങളും നടത്തി. ഈ കേസിൽ പ്രതികൾ ഉപേക്ഷിച്ച ബൈക്ക് മലയിൻകീഴിൽ നിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പേട്ട, ഫോർട്ട്, വഞ്ചിയൂർ, നേമം, മെഡിക്കൽ കോളജ്, നരുവാമൂട്, കല്ലമ്പലം സ്റ്റേഷനുകളിലായി നിരവധി മാല പിടിച്ചുപറി, ഭവനഭേദനം, ബൈക്ക് മോഷണക്കേസുകളിലെ പ്രതിയായ ഷാരൂഖാന് പേട്ട വെൺപാലവട്ടം സ്വദേശിയുടെ മാല പിടിച്ചു പറിച്ച കേസ്, കഴക്കൂട്ടത്തുള്ള ഇൻഷുറൻസ് കമ്പനിയിൽ മോഷണം, മണക്കാട് കൊഞ്ചിറവിളയിലുള്ള വീട്ടിൽ കയറി സ്വർണം കവർന്ന കേസ്, ശ്രീകാര്യം കരിയം ജങ്ഷന് സമീപത്ത് വീട് കുത്തിപ്പൊളിച്ച് മോഷണം, പേട്ട മഹാരാജാസ് ലൈനിൽ മോഷണം, കല്ലമ്പലം സ്റ്റേഷൻ പരിധിയിൽ നടന്ന വാഹന മോഷണക്കേസുകളിലുൾപ്പെടെ നിരവധി കേസുകളുണ്ട്. ഹാഷിമിന് തമ്പാനൂർ, ഫോർട്ട് സ്റ്റേഷനുകളിലായി മാലപിടിച്ചുപറി കേസുകളുമുണ്ട്.
ഡെപ്യൂട്ടി പൊലീസ് കമീഷണർ അജിത് കുമാറിന്റെ മേൽനോട്ടത്തിൽ നാർകോട്ടിക് സെൽ എ.സി.പി ഷീൻ തറയിൽ, വട്ടിയൂർക്കാവ് എസ്.എച്ച്. ഒ സുരേഷ് കുമാർ, എസ്.ഐ അരുൺ പ്രസാദ്, സ്പെഷൽ ടീമംഗങ്ങളായ എസ്.ഐ അരുൺ കുമാർ, എ.എസ്.ഐ സാബു, എസ്.സി.പി.ഒമാരായ ലജൻ, സജികുമാർ, വിനോദ്, , സി.പി മാരായ രഞ്ജിത്ത്, രാജീവ്, ദീപുരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.