ബംഗളൂരു: വിജയനഗരയിൽ വ്യാജ രേഖകൾ സൃഷ്ടിച്ച് 5.25 കോടിയുടെ ഇൻഷുറൻസ് പോളിസി എടുക്കുകയും അത് കൈക്കലാക്കാൻ പോളിസി ഉടമയെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ആറുപേർ അറസ്റ്റിൽ.കൗൾപേട്ട് സ്വദേശി കെ. ഗംഗാധർ കൊല്ലപ്പെട്ട കേസിൽ റിയാസ്, രവി, പി. അജയ്, യോഗരാജ് സിങ്, കൃഷ്ണപ്പ, ഹൂളിഗമ്മ എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 28ന് ഗംഗാധറിന്റെ മൃതദേഹം എച്ച്.എൽ.സി കനാലിനരികിൽ റോഡരികിൽ കണ്ടെത്തുകയായിരുന്നു.
ഇരുചക്രവാഹനം അപകടത്തിൽപെട്ടതാണെന്നാണ് കരുതിയത്.എന്നാൽ, ഭാര്യ ശാരദാമ്മ നൽകിയ പരാതിയാണ് വൻ ഗൂഢാലോചനയുടെ ചുരുളഴിച്ചത്.ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഗംഗാധർ വാഹനമോടിക്കില്ലെന്നായിരുന്നു ഭാര്യയുടെ പരാതിയിൽ പറഞ്ഞിരുന്നത്. പൊലീസിന്റെ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഗംഗാധറിന്റെ ആരോഗ്യ-സാമ്പത്തിക പ്രശ്നങ്ങൾ അറിയാമായിരുന്ന പ്രതികൾ ഹൂളിഗമ്മയെ മൂന്നുലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഭാര്യയായി ആൾമാറാട്ടം നടത്തി.
തുടർന്ന് ഗംഗാധറിന്റെ പേരിൽ പാൻകാർഡ് അടക്കം വ്യാജമായി ഉണ്ടാക്കി ബാങ്ക് അക്കൗണ്ട് എടുക്കുകയും വരുമാന നികുതി അടക്കുകയും ചെയ്തു. ഈ വിവരങ്ങളുയോഗിച്ച് ഗംഗാധർ അറിയാതെ ആറ് ഇൻഷുറൻസ് പോളിസികളെടുത്തു.ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ സ്വാഭാവിക മരണം സംഭവിച്ചാൽ പണം കിട്ടില്ലെന്നറിയാവുന്ന പ്രതികൾ ഗംഗാധറിനെ കൊലപ്പെടുത്തി അപകട മരണമായി ചിത്രീകരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.