കണ്ണൂര്‍: നഗരമധ്യത്തിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് ആറുലക്ഷം രൂപ കവര്‍ന്നു.
കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ ഓർത്തോ സർജൻ ഡോ. വിനോദ് കുമാറിെൻറ താണ ദിനേശ് ഭവന് സമീപമുള്ള 'ശ്രീപത്മം' വീട്ടില്‍നിന്നാണ് പണം കവര്‍ന്നത്. ശനിയാഴ്ച രാത്രി ഒന്നോടെയാണ് കവർച്ച നടന്നതെന്നാണ് കരുതുന്നത്.
ഡോക്ടറും കുടുംബവും രാത്രി 12ഓടെ എടക്കാെട്ട ഭാര്യവീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച. ഞായറാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഓഫിസ് മുറിയുടെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. ഇരുനില വീട്ടിലെ ഓരോ മുറിയിലെയും സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലാണ്.
ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മോഷണം സംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
രാത്രി 12.40ന് മോഷ്ടാക്കളെന്ന് കരുതുന്ന രണ്ടുപേർ നടന്നുവരുന്നതായി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. സമാനമായി നേരത്തെ മോഷണം നടത്തിയവരുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെക്കുറിച്ച് സൂചനയുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി പറഞ്ഞു. തൊട്ടടുത്ത വീട്ടിലും മോഷണശ്രമം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.