വെടിയൊച്ചയിൽ നടുങ്ങി മൂലമറ്റം: ഭക്ഷണം തീർന്നു എന്നുപറഞ്ഞതാണ് പ്രകോപനത്തിന് കാരണം -കടയുടമ

തൊടുപുഴ: തട്ടുകടയിലെ വാക്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിത്തരിച്ച് നാട്. മൂലമറ്റം -പാലാ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരൻ സനലിന്‍റെ (32) മരണമാണ് നാടിനെ നടുക്കിയത്. ശനിയാഴ്ച രാത്രി 10.50 ഓടെ അറക്കുളം അശോക കവലയില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്നാണ് സനല്‍ വെടിയേറ്റ് മരിച്ചത്.

അറക്കുളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനൊരു വെടിയൊച്ച മുഴങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. രാത്രി സംഭവം നടന്നതറിഞ്ഞ് ഒട്ടേറെ പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്.

കഴുത്തിന് വെടിയേറ്റ സനല്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പുസാമി, തൊടുപുഴ ഡിവൈ.എസ്.പി. എ.ജി. ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. നിരവധി ആളുകളെ പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നുണ്ട്. വൈകീട്ട് നാലരയോടെ പ്രതിയായ ഫിലിപ്പിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊച്ചി റീജനല്‍ ഫോറന്‍സിക് ലാബ് അസിസ്റ്റന്‍റ് ഡയറക്ടര്‍ സൂസന്‍ ആന്റണി, സയന്റിഫിക് ഓഫിസര്‍ പി.എം. ജോമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധന നടത്തി.

ഭക്ഷണം തീർന്നു എന്നുപറഞ്ഞതാണ് പ്രകോപനത്തിന് കാരണം -കടയുടമ

മൂലമറ്റം: അറക്കുളത്തെ കടയിലെത്തിയ ഫിലിപ്പിനോടും കൂടെ വന്ന ആളോടും ഭക്ഷണം തീർന്നു എന്ന് അറിയിച്ചതാണ് പ്രകോപനകാരണമെന്ന് കടയുടമ സൗമ്യ. പൊറോട്ടയും പോട്ടിക്കറിയുമാണ് ആവശ്യപ്പെട്ടത്. എന്നാൽ, പോട്ടി തീർന്നു, പൊറോട്ടയും സാമ്പാറും നൽകാമെന്ന് പറഞ്ഞെങ്കിലും വഴക്കുണ്ടാക്കുകയായിരുന്നു. ഇത് കടയിലുണ്ടായിരുന്ന മറ്റുള്ളവർ ചോദ്യംചെയ്തതോടെ സംഘർഷത്തിലേക്ക് നീങ്ങി.

സംഘർഷത്തിൽ പരിക്കേറ്റ ഫിലിപ് മാർട്ടിൻ അയാൾക്ക്‌ ഒപ്പംവന്ന ബന്ധുവായ ജിജുവും വെല്ലുവിളി നടത്തി അവിടെനിന്ന് സ്കൂട്ടറിൽ മടങ്ങി. നടന്ന സംഭവം ഉടൻ പൊലീസിനെ അറിയിച്ചു. എന്നാൽ, പൊലീസ് എത്തും മുമ്പ് കാറിൽ മടങ്ങിയെത്തിയ ഫിലിപ് കടയിലേക്ക് വെടിവെച്ചു. കടയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതിനാലാണ് കടയിലേക്ക് എത്താതിരുന്നത്. കടയിലുണ്ടായിരുന്നവർ ബഹളംവെച്ചതോടെ കാർ വേഗത്തിൽ മൂലമറ്റം ഭാഗത്തേക്ക് പാഞ്ഞുപോയി. പിന്നാലെ പൊലീസും കുറച്ചുപേരും അയാളുടെ പിറകെ പോയി. പിന്നീടാണ് വീണ്ടും വെടിവെപ്പ് നടന്നതായും ഒരാൾ മരണപ്പെട്ടതായും അറിഞ്ഞത്. വെടിയേറ്റവർക്ക് കടയിൽ നടന്ന സംഭവവുമായി ഒരു ബന്ധവുമില്ലെന്നും സൗമ്യ പറഞ്ഞു.

Tags:    
News Summary - shocked by incident in which one person was killed in a shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.