ദിലിപ്രോ ജഗ്ദാപ്
പാലക്കാട്: ചന്ദ്രനഗർ മരുതറോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലെ കവർച്ച കേസിൽ ഒരുപ്രതിയെക്കൂടി കസബ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നാലാം പ്രതിയായ സുജിത് കുമാർ ദിലിപ്രോ ജഗ്ദാപ് (33) ആണ് പിടിയിലായത്. ഇയാളിൽനിന്ന് മോഷണം പോയ സ്വർണത്തിൽ 2.7 കിലോ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസിൽ ഒന്നാം പ്രതിയായ നിഖിൽ അശോക് ജോഷി, കവർച്ചക്ക് ശേഷം സ്വർണം കൈമാറ്റത്തിനു സഹായിച്ച കേസിലെ രണ്ടാം പ്രതിയും മഹാരാഷ്ട്ര സത്താറ സ്വദേശിയും ജ്വല്ലറി ഉടമയുമായ രാഹുൽ ജലിന്ദാർ ഗാഡ്ഖെ (37) എന്നിവർ നേരത്തെ പിടിയിലായിരുന്നു.
ജൂലൈ 24നാണ് നിഖിൽ അശോക് ജോഷി ബാങ്ക് കുത്തിത്തുറന്ന് ലോക്കർ തകർത്ത് കവർച്ച നടത്തിയത്. 26ന് ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ച നടന്നതറിഞ്ഞത്. കേസിൽ നിഖിൽ അശോക് ജോഷിയും ജലിന്ദാർ ഗാഡ്ഖെയും നിലവിൽ ജാമ്യത്തിലാണ്.
കേസിൽ മൂന്നാം പ്രതിയായ ഡോക്ടർ നിലേഷ് മോഹൻ സാബ്ളെ ഇപ്പോഴും ഒളിവിലാണ്. ഒന്നാം പ്രതിയായ നിഖിൽ അശോക് ജോഷി മോഷ്ടിച്ച് കൊണ്ടുവന്ന സ്വർണം ജലിന്ദാർ ഗാഡ്ഖെക്ക് കൈമാറാൻ ഇയാൾ സഹായിച്ചിരുന്നു. സ്വർണം വിറ്റുലഭിച്ച പണം ഇയാളെ ഏൽപ്പിച്ചതായും പൊലീസ് പറഞ്ഞു.
ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. പാലക്കാട് ജില്ല പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസിന്റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എ.എസ്.ഐ സുരേഷ് ബാബു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.