കൊച്ചി: ബലാത്സംഗക്കേസിൽ കസ്റ്റഡിയിൽനിന്ന് വിട്ടയച്ച ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ പി.ആർ. സുനു ഇന്ന് വീണ്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം. അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനുവിനെ ഇന്നലെ വിട്ടയച്ചിരുന്നത്. പരാതിക്കാരിയായ യുവതിയുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
തൃക്കാക്കര അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പി.ആർ. സുനുവിനെ ഇന്നലെ രാത്രി വിട്ടയച്ചിരുന്നത്. അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഇനിയും സി.ഐയെ കസ്റ്റഡിയിൽവയ്ക്കുന്നത് ശരിയല്ലെന്നും അതിനാൽ വിട്ടയക്കാനുമായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ നിർദേശം. ഇന്ന് രാവിലെ 10 മണിക്ക് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന നിർദേശത്തോടെയായിരുന്നു വിട്ടയച്ചത്.
തൃക്കാക്കരയിലെ വീട്ടിൽവച്ചും കടവന്ത്രയിൽ വച്ചും സി.ഐ അടക്കമുള്ളവർ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ, യുവതിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകുന്ന പി.ആർ. സുനുവിനെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യംചെയ്യും. അന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടുണ്ട്.
കേസിൽ മൊത്തം പത്ത് പ്രതികളാണുള്ളത്. ഇതിൽ സി.ഐക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റ് നാലുപേരുടെ ചോദ്യംചെയ്യലും തുടരും. രണ്ട് പ്രതികൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.