തിരുവനന്തപുരം: കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ബണ്ടി ചോറിനെ (ദേവീന്ദർ സിങ്) വീണ്ടും റെയിൽവേ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്തിനാണ് വന്നതെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതിനെ തുടർന്ന് കരുതൽ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ ഇയാളുടെ മാനസിക നില പരിശോധിക്കുന്നതിന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
2013ൽ ബണ്ടി ചോർ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇത് കണക്കിലെടുത്താണ് ഇവിടെ എത്തിച്ചത്. എന്നാൽ, മാനസിക നിലയിൽ പ്രശ്നമൊന്നും ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ രാത്രിയോടെ സി.ജെ.എം കോടതിയിൽ ഹാജരാക്കുകയും ജാമ്യം അനുവദിച്ച് വിട്ടയക്കുകയായിരുന്നു.
2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ വീട്ടിൽ നടന്ന മോഷണത്തിലാണ് ബണ്ടി ചോറിനെ കേരള പൊലീസ് ആദ്യം പിടികൂടിയത്. അന്ന് തൊണ്ടിമുതലായി പൊലീസ് പിടിച്ചെടുത്ത രണ്ടു ബാഗ്, 76,000 രൂപ, മൊബൈൽ ഫോൺ എന്നിവ വിട്ടുകിട്ടാനുണ്ട്. ഇതിനായി ചൊവ്വാഴ്ച ബണ്ടിചോർ പേരൂർക്കട പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ, ഇവ കോടതിയിൽ ഹാജരാക്കിയിരിക്കുകയാണെന്നും സ്റ്റേഷൻ വഴി വിട്ടുനൽകാൻ കഴിയില്ലെന്നും പൊലീസ് അറിയിച്ചു. ഇതിന് ശേഷമാണ് വൈകിട്ടോടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.