പുണെ: ബസിനുള്ളിൽ 26കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ദത്താത്രേയ ഗഡെ പൊലീസിന്റെ പിടിയിലാകുംമുമ്പ് മൂന്നുതവണ ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. എന്നാൽ, തൂങ്ങിമരിക്കാൻ ഉപയോഗിച്ച കയർ മൂന്നുതവണയും പൊട്ടിപ്പോയതിനാൽ ആത്മഹത്യ ശ്രമം വിഫലമാവുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഒളിവിലായിരുന്നപ്പോൾ ഏതു നിമിഷവും പൊലീസ് പിടികൂടുമെന്ന് ഉറപ്പിച്ച പ്രതി കരിമ്പിൻ തോട്ടത്തിനടുത്തുള്ള മരത്തിലാണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്‍റെ പാടുകൾ ഇയാളുടെ കഴുത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാടുകളെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോഴാണ് മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നും ഓരോ തവണയും കയർ പൊട്ടിപ്പോയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞത്.
വെള്ളിയാഴ്ച പുലർച്ചെ ഷിരൂരിലെ ഉൾഗ്രാമത്തിലെ കരിമ്പിൻ തോട്ടത്തിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പുണെയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഗുണത് എന്ന ഗ്രാമത്തിലെ കരിമ്പിൻ തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും ഡ്രോൺ കാമറകളും ഡോഗ് സ്ക്വാഡും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്.
ഫെബ്രുവരി 25ന് പുലർച്ചെയാണ് പ്രതി പുണെയിലെ സ്വർഗേറ്റ് ബസ് സ്റ്റാൻഡിൽ നാട്ടിലേക്ക് പോകാൻ ബസ് കാത്തുനിന്ന യുവതിയെ തെറ്റിധരിപ്പിച്ച് ബസിൽ കയറ്റി പീഡിപ്പിച്ചത്. നാട്ടിലേക്ക് പോകാനുള്ള ബസാണെന്ന് പറഞ്ഞാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. ബസ് കാത്തിരുന്ന യുവതിയോട് എങ്ങോട്ടാണെന്ന് തിരക്കിയ യുവാവ് നിർത്തിയിട്ട ബസ് അങ്ങോട്ടാണെന്ന് പറഞ്ഞു.
എന്നാൽ, വെളിച്ചമില്ലാത്ത ബസിൽ കയറാൻ പേടിച്ച യുവതിയോട് യാത്രക്കാർ ഉറങ്ങുന്നതിനാൽ ലൈറ്റുകൾ ഓഫ് ചെയ്തിരിക്കുകയാണെന്ന് യുവാവ് വിശ്വസിപ്പിച്ചു. തുടർന്ന് ബസിനുള്ളിൽ കയറിയ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസിൽ കയറിയപ്പോൾ സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, സുഹൃത്തിന്റെ നിർദേശമനുസരിച്ചാണ് പൊലീസിൽ പരാതി നൽകിയത്.
ഒളിവിൽപോയ യുവാവിനായി വ്യാപക തിരച്ചിലിലായിരുന്നു പൊലീസ്. ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ ഗഡെയുടെ ഒളിത്താവളം പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഗഡെയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. ഗഡെയുടെ മാതാപിതാക്കളെയും സഹോദരനേയും ചോദ്യം ചെയ്തു. ഗഡെയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി. 14 ദിവസേക്ക് കസ്റ്റഡിയിൽ വിടാൻ ആവശ്യപ്പെട്ടു. അതേസമയം, യുവതിയുടെ സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.