ലഹരികടത്ത്: കോഴിക്കോടും കണ്ണൂരും രണ്ടുപേർ വീതം പിടിയിൽ
കോഴിക്കോട്: കാറിൽ കടത്തുകയായിരുന്ന രാസലഹരിയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് പള്ളിചാലിൽ വി.എം. അഫ്‌നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലിൽ റിൻഷ ഫാത്തിമ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി 10.30ന് കുന്ദമംഗലം പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ കാർ നിർത്താതെ പോവുകയായിരുന്നു.
എസ്.ഐ വി.കെ. ഏലിയാസും എസ്.സി.പി.ഒമാരായ പി.സി. ബിജു, അജീഷ്, സി.പി.ഒമാരായ ഷിബില, മുഹമ്മദ് ഷമീർ എന്നിവരും പൊലീസ് ജീപ്പിൽ അതിവേഗം കാറിനെ പിന്തുടരുകയായിരുന്നു. കട്ടാങ്ങൽ-മാവൂർ റോഡ് വഴി പോയ ശേഷം കാണാതായ കാർ എൻ.ഐ.ടി ഹോസ്റ്റലിന് സമീപം ഒരു അപ്പാർട്മെന്റിലെ പാർക്കിങ്ങിൽ നിർത്തിയിട്ടതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡാഷ്‌ബോർഡിൽ നിന്ന് 11.90 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ രണ്ടുപേരും മുമ്പും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അഫ്‌നാസിന്റെ പേരിൽ കാപ്പ കേസ് ഉൾപ്പെടെ 11 കേസും റിൻഷ ഫാത്തിമയുടെ പേരിൽ മൂന്നു കേസുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എൻ.ഐ.ടിക്ക് സമീപം എത്തുന്ന വിദ്യാർഥികളെ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനായാണ് ഇവർ രാസലഹരി എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ പറഞ്ഞു.
കണ്ണൂർ: ന്യൂമാഹിയിൽ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ. തലശ്ശേരി സ്വദേശി റുബൈദയും സുഹൃത്ത് അജ്മലുമാണ് പിടിയിലായത്. 16.5 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടികൂടി. റുബൈദ മുമ്പും ലഹരിവ്യാപാര കേസിലെ പ്രതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.