‘കള്ളന്മാരുടെ വീട്’ സംവിധായകൻ മോഷണക്കേസിൽ പിടിയിൽ; പിടിയിലായത് ട്രെയിനിലെ ഫോൺ മോഷണത്തിൽ
പാലക്കാട്: മോഷണക്കേസിൽ സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈനാണ് അറസ്റ്റിലായത്. 'കള്ളന്മാരുടെ വീട്' എന്ന സിനിമയുടെ സംവിധായകനാണ് കാജാ ഹുസൈന്‍. ട്രെയിൻ യാത്രക്കാരിയായ മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിയായ യുവതിയുടെ 80,000 രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കോഴിക്കോട് ഭാഗത്ത് വെച്ചും ട്രെയിനിൽനിന്ന് നാല് ലാപ്ടോപ്പുകള്‍ മോഷ്ടിച്ചതും കാജാ ഹുസൈനാണെന്നും കണ്ടെത്തി. സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത സിനിമയാണ് 'കള്ളന്മാരുടെ വീട്'. 2024ൽ തിയേറ്റുകളിലെത്തിയ ചിത്രം പരാജയപ്പെട്ടിരുന്നു. ചിത്രത്തിൽ നിന്നും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ലഭിക്കാതെ വന്നതോടെയാണ് സാമ്പത്തിക ബാധ്യതകൾ തീർക്കാൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞത്.
താൻ സെക്കൻഡ് ഹാന്റ് സാധനങ്ങളുടെ ഇടനിലക്കാരനാണെന്ന് കടക്കാരെ വിശ്വസിപ്പിച്ചാണ് മോഷ്ടിച്ച വസ്തുക്കൾ വിറ്റഴിച്ചിരുന്നത്. പിടിയിലാകാതിരിക്കാൻ താടി ഷേവ് ചെയ്ത് രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു. മോഷണമുതൽ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി കഫ്തീരിയ തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ഇയാൾ. നിലവിൽ ഷൊർണൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെയും കോഴിക്കോട് ഭാഗത്ത് നടന്ന കവർച്ചകളിലെയും തൊണ്ടി മുതലുകളായ അഞ്ചോളം ലാപ്ടോപ്പുകളും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.