ഭാര്യയെ കൊന്ന കേസിൽ പ്രഫസർ നാല് വർഷത്തിന് ശേഷം പിടിയിൽ; വഴിത്തിരിവായത് ബ്രെയിൻ മാപ്പിങ് ടെസ്റ്റ്

ചണ്ഡീഗഢ്: നാല് വർഷം മുൻപ് ദീപാവലി ദിനത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബ് യൂനിവേഴ്സിറ്റി പ്രഫസർ അറസ്റ്റിൽ. മതിയായ തെളിവുകൾ ഇല്ലാത്തതിനെ തുടർന്ന് ബ്രെയിൻ മാപ്പിങ് (BEOS) അടക്കമുള്ള ഫോറൻസിക് സൈക്കോളജിക്കൽ പരിശോധനകൾക്ക് ശേഷമാണ് അറസ്റ്റ് നടന്നത്. കേസിന്റെ തുടക്കം മുതൽ പൊലീസിന്റെ സംശയ നിഴലിലായിരുന്നു പ്രൊഫസർ ബി.ബി. ഗോയൽ.

2021 നവംബർ നാലിന് ദീപാവലി ദിവസമാണ് സീമ ഗോയലിനെ (60) പഞ്ചാബ് യൂനിവേഴ്സിറ്റി ബിസിനസ് സ്കൂൾ പ്രഫസറായ ഭർത്താവ് ഗോയലിന്റെ ഔദ്യോഗിക വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുണികൊണ്ട് കൈകളും കാലുകളും കെട്ടിയ നിലയിലായിരുന്ന മൃതദേഹം. കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. വീട്ടിൽ ബലമായി പ്രവേശിച്ചതിന്റെയോ മോഷണശ്രമത്തിന്റെയോ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ചണ്ഡീഗഢ് പൊലീസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുരൂഹമായ ഒരു കേസായിരുന്നു ഇത്. തെളിവിനു ആവശ്യമായ വിരലടയാളങ്ങൾ ഒന്നും വീട്ടിൽനിന്ന് ലഭിച്ചിരുന്നില്ല. ഡി.എൻ.എ പരിശോധന ഫലത്തിലും പ്രഫസറുടേതിന് സമാനമായ ഡി.എൻ.എ സാമ്പിളുകൾ കണ്ടെത്താനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസിന് കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.

കൊലപാതകത്തിന് തലേന്ന് താനും ഭാര്യയും വെവ്വേറെ മുറികളിലാണ് ഉറങ്ങിയതെന്ന് ഗോയൽ പൊലീസിന് മൊഴി നൽകിയിരുന്നു. രാവിലെ നോക്കുമ്പോൾ സീമ മുറിയിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു എന്നാണ് പ്രഫസർ പൊലീസിനോട് പറഞ്ഞത്. എന്നാൽ പ്രഫസർ അബോധാവസ്ഥയിൽ കിടന്ന സീമയെ ഉടനെ ആശുപത്രിയിൽ കൊണ്ട് പോകുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്തിരുന്നില്ല. ഗോയലിന്റെ ഈ പ്രവർത്തികൾ സംശയം വർധിപ്പിച്ചു.

കൊലപാതകത്തിന് ഒരു ദിവസം മുമ്പ് മാതാപിതാക്കൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായിരുന്നതായി മകൾ പാറുൽ മൊഴി നൽകി. കൊലപാതക സമയത്ത് പാറുൽ സുഹൃത്തുക്കളോടൊപ്പം പുറത്തായിരുന്നു. പിന്നീട് നടത്തിയ പോളിഗ്രാഫ് പരിശോധനയിലും പാറുൽ പിതാവാണ് കൊലപാതകത്തിന് പിന്നിൽ എന്ന് സൂചന നൽകിയിരുന്നു.

സംശയത്തിന്റെ നിഴലിലായിരുന്നിട്ടും ഗോയൽ യൂനിവേഴ്സിറ്റിയിൽ ജോലിക്ക് പോയിരുന്നു. കൊലപാതകം കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം ഇയാളെ ഡിപ്പാർട്ട്‌മെന്റ് ചെയർപേഴ്സണായും യൂനിവേഴ്സിറ്റി നിയമിച്ചിരുന്നു. ഹൈകോടതി ഉത്തരവുകൾ വഴിയാണ് ഇയാൾക്ക് സർവീസ് എക്സ്റ്റൻഷൻ ലഭിച്ചത്. ശിക്ഷിക്കപ്പെട്ടാൽ 48 മണിക്കൂറിനുള്ളിൽ സസ്‌പെൻഡ് ചെയ്യുമെന്നും സേവനം അവസാനിപ്പിക്കുമെന്നും പഞ്ചാബ് യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

Tags:    
News Summary - Professor arrested 4 years after wife's murder; brain mapping test was the breakthrough

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.