തൃപ്പൂണിത്തുറ: ചോറ്റാനിക്കരയിലെ പോക്സോ കേസ് അതിജീവിത നേരിട്ടത് ക്രൂരമായ പീഡനങ്ങൾ. ആറുദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന പെൺകുട്ടി ഒടുവിൽ മരണത്തിന് കീഴടങ്ങി.
25ന് രാത്രി മുതൽ 26ന് പുലർച്ചെവരെ പെൺകുട്ടിയുടെമേൽ അതിക്രൂരമായ ആക്രമണമാണ് ആൺസുഹൃത്ത് അനൂപ് നടത്തിയത്. ലഹരിക്കേസിലും അടിപിടിക്കേസിലും പ്രതിയായ ഇയാൾ പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. അടുപ്പം മുതലെടുത്ത് വീട്ടിലെത്തിയ അനൂപ് പെൺകുട്ടിക്കും ലഹരി കൈമാറിയിരുന്നുവെന്ന് പറയുന്നു.
പരസ്പരമുള്ള സംശയത്തെ തുടർന്ന് പെൺകുട്ടിയെ ആക്രമിക്കുന്നതും പതിവായിരുന്നു. മുമ്പും അനൂപിന്റെ ആക്രമണത്തിന് പെൺകുട്ടി ഇരയായിട്ടുണ്ട്. ശരീരത്തിൽ പഴക്കമേറിയ പരുക്കിന്റെ പാടുകൾ ധാരാളമായുണ്ടായിരുന്നു. എന്നാൽ, മുമ്പില്ലാത്ത വിധമുള്ള ആക്രമണമാണ് സംഭവം നടന്ന രാത്രി ഉണ്ടായത്. വീടിനുപുറത്ത് മറ്റൊരു യുവാവിനെ കണ്ടതിൽ പ്രകോപിതനായ പ്രതി പെൺകുട്ടിയെ തല്ലിച്ചതക്കുകയായിരുന്നു. തല ഭിത്തിയിൽ ഇടിപ്പിച്ചും ശ്വാസം മുട്ടിച്ചും ചുറ്റികക്ക് തലയിലും വയറിലും ഇടിച്ചും മാരകമായ പരിക്കേൽപിച്ചു.
ആക്രമണത്തെ തുടർന്ന് മരിക്കാനായി പെൺകുട്ടി ഫാനിൽ കുരുക്കിട്ട് പിടഞ്ഞപ്പോൾ ഷാൾ മുറിച്ച് താഴെ ഇട്ട പ്രതി വീണ്ടും മുഖം അമർത്തി ശ്വാസം മുട്ടിക്കുകയായിരുന്നു. പെൺകുട്ടി മരിെച്ചന്ന് കരുതിയാണ് യുവാവ് വീടുവിട്ടത്. പിറ്റേന്ന് പെൺകുട്ടിയെ കണ്ടെത്തുമ്പോൾ കൈയിലെ മുറിവിൽ ഉറുമ്പരിക്കുകയായിരുന്നു.
മൂന്നുവർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. പിതാവിന്റെ മരണശേഷം മാതാവിനൊപ്പം താമസിച്ച യുവതിയെ അനൂപുമായുള്ള ബന്ധത്തിൽനിന്ന് മാതാവ് ശക്തമായി എതിർത്തിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.