കൊല്ലം: നീതി തേടി ഈ മാതാപിതാക്കൾ അലയാൻ തുടങ്ങിയിട്ട് നാലര വർഷം കഴിയുന്നു. തങ്ങൾക്ക് തുണയാകേണ്ട ഏക മകൻ 14ാം വയസ്സിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമാണെന്ന് വ്യക്തമായിട്ടും, പ്രതികൾ കൈയെത്തും ദൂരത്തുണ്ടായിട്ടും പിടികൂടാത്തതിന്റെ വിഷമത്തിലാണ് പുനലൂർ വെഞ്ചേമ്പ് മംഗലത്ത് പുത്തൻവീട്ടിൽ എസ്. അനിലാലും ഭാര്യ ഗിരിജയും.
2018 മാർച്ച് 23നാണ് ഒമ്പതാം ക്ലാസുകാരനായ മകൻ ജിഷ്ണുലാലിനെ കാണാതായത്. അടുത്ത ദിവസം വീട്ടിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള കനാലിൽ മകന്റെ മൃതദേഹം കണ്ടെത്തി. മുങ്ങി മരണമെന്ന് പൊലീസ് ആദ്യം വിധിയെഴുതിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെള്ളം കുടിച്ചല്ല മരണമെന്ന് വ്യക്തമായി.
മരിക്കുന്നതിനു മുമ്പ് ശരീരത്തിൽ വിവിധ ഭാഗങ്ങളിലായി എട്ടോളം മുറിവുകളുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന വിധത്തിൽ മകൻ പഠിച്ച സ്കൂളിലെ സീനിയർ വിദ്യാർഥികളുടെ വാട്സ്ആപ് സന്ദേശം പുറത്തുവന്നു. പൊലീസ് ഉദ്യോഗസ്ഥരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും വേണ്ട വിധത്തിൽ അന്വേഷണം നടന്നില്ല. ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയതിനെ തുടർന്ന് അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ നിയോഗിച്ചു. വാട്സ്ആപ് സന്ദേശം പ്രചരിച്ച ഫോണുകൾ കസ്റ്റഡിയിലെടുത്തു.
വാർഡ് മെംബറായ വ്യക്തിയുടെ മകന്റെ നേതൃത്വത്തിലാണ് മകനെ ആക്രമിച്ച് കനാലിൽകൊണ്ടിട്ടതെന്ന് എസ്. അനിലാൽ പറഞ്ഞു. കൃത്യത്തിനു ശേഷം വാർഡ് മെംബറും മകനും ഒളിവിൽ പോയി. ആക്രമി സംഘത്തിൽപെട്ട ഒരാളുടെ ഫോൺ സന്ദേശം പുറത്തുവന്നതോടെയാണ് സംഘത്തിലുള്ളവരെ വ്യക്തമായത്. മകനെ കൊലപ്പെടുത്തിയവർക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്നും അനിലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.