ഉമാശങ്കർ, ശേഖർ
മംഗളൂരു: ഉഡുപ്പി ജില്ലയിലെ ഗംഗോളി ഗ്രാമപഞ്ചായത്ത് ഡവലപ്മെന്റ് ഓഫിസറും (സെക്രട്ടറി) ജീവനക്കാരനും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി.
കോണ്‍ഗ്രസിന്റെ ജയന്തി ഖാര്വിയെ പ്രസിഡന്റും എസ്.ഡി.പി.ഐയുടെ തബ്രീസ് വൈസ് പ്രസിഡന്റുമായി ഭരിക്കുന്ന പഞ്ചായത്താണിത്. സെക്രട്ടറി എച്ച്. ഉമാശങ്കർ, സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റ് ജി. ശേഖർ എന്നിവരാണ് അറസ്റ്റിലായത്. 108/13 സർവേ നമ്പർ 8.25 സെന്റ് രണ്ടായി വിഭജിക്കാൻ ഗംഗോളി സുൽത്താൻ മൊഹല്ല സ്വദേശിയായ മുഹമ്മദ് ഹനീഫ് എന്ന പരാതിക്കാരൻ നവംബറിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. ഇത് ശരിയാക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ നടപടി വൈകിപ്പിച്ചു. കൈക്കൂലി നൽകാൻ തയാറാകാതെ ബുധനാഴ്ച ഹനീഫ് ഉഡുപ്പി ലോകായുക്ത പോലീസിൽ പരാതി നൽകി. ലോകായുക്ത പൊലീസ് സൂപ്രണ്ട് എം.എ. നടരാജിന്റെ (മംഗളൂരു) നേതൃത്വത്തിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഞ്ജുനാഥ്, ഇൻസ്പെക്ടർ എ. അമാനുല്ല (മംഗളൂരു) തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ കെ.എൻ. ചന്ദ്രശേഖർ (മംഗളൂരു) ഒരുക്കിയ കെണിയറിയാതെ പഞ്ചായത്ത് ഉദ്യോഗസ്ഥർ പരാതിക്കാരനിൽ കൈക്കൂലി വാങ്ങുമ്പോൾ പിടിവീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.