അഞ്ചും മൂന്നും വയസ്സായ കുഞ്ഞുങ്ങളുടെ ജീവനെടുത്തത് സ്വന്തം അമ്മ; കൊഴിഞ്ഞാമ്പാറയിലെ സഹോദരങ്ങളുടെ മരണം കൊലപാതകമെന്ന് പൊലീസ്
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ നിർണായക വഴിതിരിവ്. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പൊലീസ്, സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായി അറിയിച്ചു. അമ്മ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ.
പഴണിയാർപാളയം കള്ളയാർപാളയം മണൽക്കാട്ട് ജോൺ കുമാറിന്‍റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ട് മാസം മുൻപാണ് വിറകുവെട്ട് തൊഴിലാളിയായ ജോൺ കുമാറും കുടുംബവും ഈ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവം നടന്ന സമയത്ത് ജോൺ കുമാർ ജോലിക്ക് പോയതിനാൽ നിവേദ്യയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ മുൻവശത്തുണ്ടായിരുന്ന നിവേദ്യ ഏറെ നേരമായിട്ടും കുട്ടികളുടെ ശബ്ദം കേൾക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കുളിമുറിയിലെ ടാങ്കിൽ ചലനമറ്റ നിലയിൽ കണ്ടെത്തിയത് എന്നായിരുന്നു ഇന്നലെ പറഞ്ഞിരുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കുട്ടികളുടെ മരണത്തിന് പിന്നിൽ അമ്മയാണെന്ന സത്യം പുറത്തുവന്നത്. നിവേദ്യ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളെ എങ്ങനെ കൊലപ്പെടുത്തി, ഇതിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണ് തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.