പ്രതീകാത്മക ചിത്രം
ആന്ധ്രയിൽ പെൺ സുഹൃത്തിനെ കൊലപ്പെടുത്തി ഒമ്പത് കഷണങ്ങളാക്കി കനാലിൽ തള്ളി; കശാപ്പുകാരൻ പിടിയിൽ
വിജയവാഡ: ആന്ധ്രപ്രദേശിലെ വിജയവാഡയിൽ പണത്തിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവതിയെ കൊന്ന് ഒമ്പത് കഷ്ണങ്ങളായി കനാലിൽ തള്ളി കശാപ്പുകാരൻ. കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭവാനിപൂരിൽ ഇറച്ചിക്കട നടത്തുന്ന ഷാഫി എന്നയാളെയും കടയിലെ ജീവനക്കാരനായ ഗുരുവലുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇബ്രാഹിംപട്ടണത്താണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ കൈയിലെ ടാറ്റു വെച്ച് ഇവരെ ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഷാഫിയുമായി കല്യാണിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് തെളിഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവർ തമ്മിൽ പണത്തിന്റെ പേരിൽ തർക്കമുണ്ടാവുകയും പിണങ്ങുകയും ചെയ്തുവെന്ന് വിവരം ലഭിച്ചു. കല്യാണിയുടെ മകനുമായി നേരത്തെ ഉണ്ടായ ഒരു തർക്കത്തെ തുടർന്ന് ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
സെപ്റ്റംബർ 17ന് ഷാഫി കല്യാണിയെ ഭവാനിപുരത്തുള്ള തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിയെന്നും അവിടെ വെച്ച് ഇരുവരും പണത്തെച്ചൊല്ലി തർക്കമുണ്ടായി എന്നുമാണ് റിപ്പോർട്ട്. തർക്കത്തിനിടെ ഷാഫി യുവതിയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം ഒമ്പത് കഷണങ്ങളാക്കി മുറിച്ചതായും ശരീരഭാഗങ്ങൾ കളയാൻ ഗുരുവലുവിന്റെ സഹായം തേടിയെന്നുമാണ് പൊലീസ് പറയുന്നത്. ശരീരഭാഗങ്ങൾ ഗൊല്ലാപുടി പ്രദേശത്തെ കൂളിങ് കനാലിൽ ഉപേക്ഷിച്ചുവെന്നാണ് ആരോപണം.
ഷാഫിയെയും ഗുരുവലുവിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൃത്യത്തിന് പിന്നിലെ യഥാർഥ കാരണം, ഇരുവരും വഹിച്ച പങ്ക്, മൃതദേഹം എങ്ങനെയാണ് കൊണ്ടുപോയത്, എങ്ങനെയാണ് സംസ്കരിച്ചത് തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിലൂടെ കല്യാണിയുടെ ബന്ധുക്കൾ അവരെ തിരിച്ചറിഞ്ഞത് കേസ് പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്ന് ഇബ്രാഹിംപട്ടണം സർക്കിൾ ഇൻസ്പെക്ടർ സുബ്രഹ്മണ്യത്തെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.