പ്രതീകാത്മക ചിത്രം
ഭോപ്പാലിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട നിലയിൽ; സഹായി ഒളിവിൽ
ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെ സൂരജ്‌നഗരിലെ തന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 70കാരനായ രാകേഷ് അഗർവാളാണ് കൊല്ലപ്പെട്ടത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം നടന്ന സമയം മുതൽ അഗർവാളിന്റെ പരിചരണത്തിനായി അടുത്തിടെ നിയമിച്ച പുതിയ കെയർടേക്കർ വരുൺ കുമാറിനെ കാണാതായിട്ടുണ്ട്. സെപ്റ്റംബർ 28 -ന് പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്ലേസ്മെന്റ് ഏജൻസി വഴിയാണ് വരുൺ കുമാറിനെ ജോലിക്കെടുത്തത്. ഇയാളാണ് കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്നുവെന്ന് ഭോപ്പാലിലെ അഡീഷണൽ പൊലീസ് കമ്മീഷണർ (അഡീഷണൽ സി.പി) ശൈലേന്ദ്ര ചൗഹാൻ പറഞ്ഞു. "സംഭവത്തിന് ശേഷം വരുൺ കുമാറിനെ കാണാതായിട്ടുണ്ട്. വീട്ടിൽ നിന്ന് ഇയാൾ ഉപയോഗിച്ച സാധനങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പ് സെപ്റ്റംബർ 28 -ന് പഞ്ചാബ് ആസ്ഥാനമായുള്ള ഒരു പ്ലേസ്മെന്റ് ഏജൻസി വഴിയാണ് ഇയാളെ ജോലിക്ക് നിയോഗിച്ചത്."
ബുധനാഴ്ച രാവിലെ 5.30 ഓടെ പ്രഭാത നടത്തത്തിന് വേണ്ടി ഇറങ്ങിയ അഗർവാളിന്റെ ഭാര്യ വീടിന്റെ പ്രധാന ഡോർ പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അവർ മറ്റൊരു വീട്ടുജോലിക്കാരനായ രാജൻ ഥാപ്പയെ വിളിച്ചുവരുത്തി അഗർവാളിന്റെ മുറിയിൽ പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടത്. ഉടനെ തന്നെ അവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം വീടിന് തീയിടാനുള്ള ശ്രമവും നടന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അടുക്കളയിലെ എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് വേർപ്പെടുത്തി ഗ്യാസ് തുറന്നുവിട്ട നിലയിലായിരുന്നു. ഉദ്യോഗസ്ഥർ എത്തുമ്പോൾ പരിസരം ഗ്യാസ് കൊണ്ട് നിറഞ്ഞിരുന്നുവെന്നാണ് വിവരം.
വീട്ടിലെ പല അലമാരകളും തുറന്ന നിലയിലാണ് കണ്ടെത്തിയത്. അതിനാൽ തന്നെ കവർച്ചാശ്രമമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി വിവിധ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ ജോലിക്ക് അയച്ച ഏജൻസിയുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.