കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

തൃക്കുന്നപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സുബിനയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപ്രതീക്ഷിത ആക്രമണത്തിന്‍റെ ആഘാതത്തിൽ നിന്ന് സുബിന ഇതുവരെ മോചിതയായിട്ടില്ല.

തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവം. വണ്ടാനത്ത് നിന്ന് 17 കിലോമീറ്റർ അകലെ തൃക്കുന്നപ്പുഴ പാലൂർ ഭാഗത്താണ് സുബിന താമസിക്കുന്നത്. തോട്ടപ്പള്ളിയിൽ നിന്ന് തൃക്കുന്നപ്പുഴ റോഡിലേക്ക് കയറിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേർ സുബിനയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

ബൈക്കിൽ പോവുകയായിരുന്ന സുബിനയെ തലക്ക് പിന്നിൽ അടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ നിയന്ത്രണംവിട്ട വാഹനം സമീപത്തെ പോസ്റ്റിൽ ഇടിച്ച് മറിയുകയും ചെയ്തു. കഴുത്തിന് കുത്തിപിടിച്ച അക്രമികൾ സുബിനയെ ബൈക്കിന് നടുവിലിരുത്തി കടത്തികൊണ്ടുപോകാൻ ശ്രമിച്ചു. കുതറിമാറിയ സുബിന സമീപത്തെ വീട്ടിലേക്ക് ഒാടിക്കയറി. ഈ സമയത്താണ് റോഡിലൂടെ പൊലീസ് പെട്രോളിങ് വാഹനം വന്നത്. പൊലീസിനെ കണ്ട പ്രതികൾ തോട്ടപ്പള്ളി ഭാഗത്ത് രക്ഷപ്പെടുകയായിരുന്നു.

അതേസമയം, സുബിനയെ ആക്രമിച്ച സംഭവത്തിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് കുടുംബം പരാതിപ്പെട്ടു. രാത്രി തന്നെ അന്വേഷണം തുടങ്ങിയില്ല. സുബിനയെ സ്റ്റേഷനിൽ എത്തിച്ചാൽ മൊഴി എടുക്കാമെന്നാണ് പൊലീസ് പറഞ്ഞതെന്നും കുടുംബം പറയുന്നു.

പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - Nurse who had returned from duty; Attempt to kidnap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.