സ്റ്റുഡിയോ ഉടമ എൽദോസ്​ പോൾ കൊല്ലപ്പെട്ട കേസിൽ പിടിയിലായ എൽദോസ്​, മാതാപിതാക്കളായ ജോയി, മോളി എന്നിവർ

സ്റ്റുഡിയോ ഉടമയുടേത്​ അപകടമരണമല്ല, കൊലപാതകം; അയൽവാസിയും മാതാപിതാക്കളും അറസ്റ്റിൽ

കൊച്ചി: കോതമംഗലത്തെ​ സ്റ്റുഡിയോ ഉടമയുടേത്​ അപകടമരണമല്ല, കൊലപാതകമാണെന്ന്​ പൊലീസ്. ചേലാട് സെവന്‍ ആര്‍ട്സ് സ്റ്റുഡിയോ ഉടമ പിണ്ടിമന നിരവത്തുകണ്ടത്തില്‍ എല്‍ദോസ് പോളിന്‍റെ (40) മരണമാണ്​ കൊലപാതകമാണെന്ന്​ കണ്ടെത്തിയത്​. ഇതുമായി ബന്ധപ്പെട്ട്​ എൽദോസിന്‍റെ അയൽവാസിയും മാതാപിതാക്കളും അറസ്റ്റിലായി.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ്​ കൊലപാതകത്തിൽ കലാശിച്ചത്​. പിണ്ടിമന പുത്തൻ പുരക്കൽ എൽദോസ്​ (കൊച്ചാപ്പ-27), പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് എല്‍ദോസ് പോളിനെ വീടിനടുത്തുള്ള പെരിയാര്‍വാലി കനാല്‍ ബണ്ട് തിട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. സമീപത്ത്​ സ്​കൂട്ടർ മറിഞ്ഞ്​ കിടന്നതിനാൽ ആദ്യം അപകടമരണമെന്ന് കരുതിയെങ്കിലും കൂടുതല്‍ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു.

1. എൽദോസ്​ പോളിന്‍റെ മൃതദേഹം കണ്ടെത്തിയ സ്​ഥലം 2.കൊല്ല​പ്പെട്ട എൽദോസ്​ പോൾ

മരിച്ച എല്‍ദോസ് പോള്‍ മൂന്ന്​ ലക്ഷം രൂപ പ്രതിയായ എല്‍ദോസിന്​ കടം നല്‍കിയിരുന്നു. ഇത് തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങൾ കൊലപാതകത്തിൽ കലാശിച്ചെന്നാണ്​ വിവരം. കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് എൽദോസ്​, എല്‍ദോസ്​ പോളിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മഴുക്കയ്യ് ഉപയോഗിച്ച് തലയ്ക്ക് പിന്നിലടിച്ച് കൊലപ്പെടുത്തുകയ​ുമായിരുന്നെന്ന്​ പൊലീസ്​ പറയുന്നു. ഇതിനുശേഷം മൃതദേഹം കനാല്‍ ബണ്ട് തിട്ടയില്‍ ഉപേക്ഷിച്ചു. അപകടമരണമാണെന്ന്​ വരുത്തി തീർക്കാൻ അവിടെ തന്നെ എൽദോസിന്‍റെ സ്​കൂട്ടറും ഉപേക്ഷിച്ചു. അപകടമരണമെന്ന് നാട്ടുകാരും പൊലീസും ആദ്യം കരുതിയെങ്കിലും സംഭവസ്ഥലത്തു നിന്നും എല്‍ദോസിന്‍റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാതെ വന്നത് പൊലീസില്‍ സംശയം ജനിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കു പിന്നില്‍ മുറിവേറ്റിരുന്നതായും വ്യക്തമായി. തുടര്‍ന്ന് മരിച്ച എല്‍ദോസിന്‍റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

എൽദോസ്​ പോളിനെ കൊന്ന കേസിൽ അറസ്റ്റിലായ പ്രതികളെ സംഭവസ്​ഥലത്ത്​ തെളിവെടുപ്പിന്​ കൊണ്ടുവന്നപ്പോൾ

കൊല്ലപ്പെട്ട എല്‍ദോസിന്‍റെ ഫോണിലേക്ക് ഞായറാഴ്ച രാത്രി വന്ന വിളികള്‍ പരിശോധിച്ചാണ് അയൽവാസികളെ കസ്റ്റഡിയിലെടുത്തത്. മൃതദേഹം കനാല്‍ തിട്ടയിൽ തള്ളാന്‍ സഹായിച്ചതിനാണ്​ മാതാപിതാക്കളെ പ്രതിചേർത്തത്​. പ്രതികളുമായി സംഭവസ്​ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്​കരിച്ച് നടത്തിയ അന്വേഷണത്തിലാണ്​ പ്രതികൾ പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും എൽദോസിന്‍റെ മൊബൈൽ ഫോണും കത്തിച്ച നിലയിൽ കണ്ടെത്തി.

Tags:    
News Summary - Neighbours arrested in connection with studio owner murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.