അമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതിയായ മകൻ ക്രിസ്റ്റിയെ കേളകം പൊലീസ് കോടതിയിലേക്ക് കൊണ്ടുപോകുന്നു

അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു: പിതാവിനെയും കൊല്ലണമെന്ന് പറഞ്ഞതായി അയല്‍വാസിയുടെ മൊഴി

കണ്ണൂർ: കണ്ണൂർ കൊളക്കാട് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. തന്നിക്കുന്നിലെ മഠത്തിപറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയെയാണ് (55) മകൻ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് മകൻ ക്രിസ്റ്റിയെ (25) കേളകം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. അമ്മയുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് ക്രിസ്റ്റിയും ഗീതമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.

ബെംഗളൂരുവിൽ ബി.സി.എ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് വരുകയായിരുന്നു. ഇയാൾ ലഹരിമരുന്നിന് ഉപയോഗിക്കുന്ന ആളായിരുന്നുവെന്നും സൂചനയുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലക്ക് നടത്തിയ ശേഷം വീട്ടിൽ തന്നെ തങ്ങിയ ക്രിസ്റ്റി, സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പ്രതി പൊലീസിന് കൈമാറി. കേളകം പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയച്ച ശേഷം പൊലീസെത്തിയായിരുന്നു ഗീതമ്മയെ ആശുപ്രതിയിലേക്ക് കൊണ്ടുപോയത്. ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മക്ക് ഒരു മകൾകൂടിയുണ്ട്. പ്രതിയെ ശനിയാഴ്ച വൈകിട്ട് ആറോടെ കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകത്തിനുള്ള കാരണം അന്വേഷിക്കുമെന്നും അതിനായി പ്രതിയെ തെളിവെടുപ്പ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും കേളകം പൊലീസ് അറിയിച്ചു.

ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ് ലറിങ് ഷോപ്പും നടത്തുകയാണ്. മഹിളാ മോർച്ച ജില്ല കമ്മറ്റിയംഗമാണ് കൊല്ലപ്പെട്ട ഗീതമ്മ. അതേസമയം, പിതാവിനെയും കൊല്ലണമെന്ന് പറഞ്ഞതായി അയല്‍വാസി നിപുന്‍. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവിടുമോയെന്ന് ക്രിസ്റ്റി ചോദിച്ചിരുന്നു. അങ്ങനെയാണ് ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. തന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി പറഞ്ഞുവെന്ന് നിപുന്‍ പറഞ്ഞു.

Tags:    
News Summary - Son killed his mother by slitting her throat: Neighbor says he told him to kill his father too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.