മഴുകൊണ്ട് വെട്ടി പരിശീലിച്ചു, ആദ്യം കൊന്നത് അമ്മയെ, പിന്നീട് അച്ഛനെയും സഹോദരിയെയും; 'എല്ലാവരും കന്യാകുമാരിക്ക് ടൂർ പോയെന്ന്' പറഞ്ഞു, കേഡൽ നടത്തിയത് രക്തമുറയുന്ന ക്രൂരകൃത്യം

കേരളം ഞെട്ടിയ കൂട്ടക്കൊലപാതകമായിരുന്നു തിരുവനന്തപുരം നന്തൻകോട് 2017 ഏപ്രിൽ അഞ്ച്, ആറ് തിയതികളിൽ നടന്നത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എട്ട് വർഷങ്ങൾക്കിപ്പുറം പ്രതി ശിക്ഷിക്കപ്പെടുമ്പോൾ അപൂർവമായൊരു കുറ്റകൃത്യമായി കേഡല്‍ ജിന്‍സണ്‍ രാജയുടെ ക്രൂരത അവശേഷിക്കുന്നു.

വീട്ടിനുള്ളിൽവെച്ചായിരുന്നു എല്ലാ കൊലകളും നടത്തിയത്. കൊലപാതകം നടത്തുന്നതിനു മുന്‍പ് കേഡല്‍ ജിന്‍സണ്‍ രാജ നിരവധി തവണ ഡമ്മിയില്‍ ട്രയല്‍ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ കയറി മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കുന്നത് കണ്ട് പഠിച്ചതായും കേഡലിന്റെ ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ കണ്ടെത്താനായി.

അമ്മ ജീൻ പത്മത്തെയാണ് കേഡൽ ആദ്യം കൊലപ്പെടുത്തിയത്. താൻ നിർമിച്ച വിഡിയോ ഗെയിം കാണിക്കാൻ എന്ന വ്യാജേന അമ്മയെ മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ച് കസേരയിൽ ഇരുത്തിയശേഷം മഴുകൊണ്ട് തലക്ക് പുറകിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കിടപ്പുമുറിയിൽ ഒളിപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ താഴെ എത്തിയ പ്രതി അന്ന് വൈകിട്ടോടെ അച്ഛൻ രാജ തങ്കത്തെയും സഹോദരി കാരോളിനെയും അമ്മയെ കൊന്നപോലെ തലക്ക് പിന്നിൽ വെട്ടി കൊലപ്പെടുത്തി. ഈ മൃതദേഹങ്ങളും ഒളിപ്പിച്ചു.

വീട്ടിലുണ്ടായിരുന്ന ബന്ധുവായ ലളിതയും ജോലിക്കാരിയും മറ്റുള്ളവരെപ്പറ്റി കേഡലിനോട് അന്വേഷിച്ചെങ്കിലും അവരെല്ലാം ചേർന്ന് കന്യാകുമാരിക്ക് ടൂർ പോയി എന്നായിരുന്നു മറുപടി. അടുത്ത ദിവസം രാത്രിയാണ് കേഡൽ ലളിതയെ കൊലപ്പെടുത്തിയത്. അമ്മ ലാൻഡ് ഫോണിൽ വിളിക്കുന്നു എന്ന് കള്ളം പറഞ്ഞു മുകളിലത്തെ കിടപ്പുമുറിയിൽ എത്തിച്ചായിരുന്നു കൊല. മറ്റു കൊലകൾക്ക് ഉപയോഗിച്ച അതേ മഴു ഉപയോഗിച്ച് അതേ മാതൃകയിൽ വെട്ടി കൊന്ന ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിക്കുകയായിരുന്നു.

കൊലക്ക് പിന്നാലെ അച്ഛന്റെയും അമ്മയുടെയും സഹോദരിടെയും മൃതദേഹം കേഡൽ കത്തിച്ചു. കൂട്ടക്കൊലയ്ക്കു ശേഷം വീടിനു തീയിട്ട് ചെന്നൈയിലേക്കു കടന്നു. അന്ന് വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍ക്കാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. അവരെത്തി നോക്കിയപ്പോളാണ് നാല് മൃതദേഹങ്ങള്‍ കണ്ടത്.

കൊലപാതകത്തിന് നാലാം നാള്‍ കേഡല്‍ പിടിയിലായി.  ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കു മടങ്ങവേ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. എങ്കിലും മാനസിക ആരോഗ്യപ്രശ്‌നം പറഞ്ഞാണ് വിചാരണ വര്‍ഷങ്ങളോളും വൈകിച്ചത്. എന്നാല്‍ കോടതി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വിചാരണക്ക് പ്രാപ്തനാണെന്നും കണ്ടെത്തി. ഇതോടെയാണ് കോടതിയിൽ വിസ്താരം തുടങ്ങിയത്.

ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന വിചിത്ര പരീക്ഷണത്തിനാണ് ഈ അരുംകൊല ചെയ്തതെന്ന റിപ്പോർട്ടുകൾ തുടക്കത്തിലുണ്ടായിരുന്നു. ഇത് ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇത്തരം അന്ധവിശ്വാസമല്ല കൊലക്ക് കാരണമെന്നും കുടുംബത്തോടുള്ള അടങ്ങാത്ത പകയാണ് പിന്നിലെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

Tags:    
News Summary - Nanthancode murder Cadell committed a bloody and brutal act by killing family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.