ഹരീബ്, മുരുകൻ, മുത്തുകുമാർ, നിയാസ് അമൻ, ബബിലു
പത്തനംതിട്ട: മൈലപ്രയിൽ കഴിഞ്ഞവർഷം ഡിസംബറിൽ വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പത്തനംതിട്ട ജില്ല കോടതിയിലെ നവിൻ എം. ഈശോയെ നിയമിച്ചു.
കൊല്ലപ്പെട്ട ജോർജ് ഉണ്ണൂണ്ണിയുടെ വീട്ടുകാർ നൽകിയ അപേക്ഷയെ തുടർന്നാണ് ഇദ്ദേഹത്തെ നിയമിച്ചത്. മൈലപ്രയിലെ പുതുവേലിൽ സ്റ്റോഴ്സ് ഉടമയെയും വ്യാപാരിയുമായ ജോർജിനെ അഞ്ചംഗസംഘം കടയിൽ അതിക്രമിച്ച് കടന്ന് കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്നശേഷം രക്ഷപ്പെടുകയായിരുന്നു. കേസിലെ അഞ്ച് പ്രതികളെയും ഒരാഴ്ചക്കകം തന്നെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കവർച്ച ചെയ്ത സ്വർണ്ണം വിൽക്കാൻ സഹായിച്ച നാലാം പ്രതി നിയാസ് അമാന് കോടതി ജാമ്യം നൽകിയിരുന്നു. മറ്റു പ്രതികൾ ഇപ്പോഴും ജയിലിലാണ്. പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിരസിച്ചു. ഒന്നാം പ്രതി ‘ക്വാർട്ടർ’ എന്ന് അറിയപ്പെടുന്ന ഹരീബ്, നാലാം പ്രതി നിയാസ് അമാൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. മറ്റു മൂന്ന് പ്രതികളായ മുരുകൻ, മുത്തുകുമാർ, ബബിലു എന്നിവർ തമിഴ്നാട്ടുകാരാണ്. മൂവരും നിരവധി കേസുകളിൽ പ്രതികളാണ്.
ഒന്നാംപ്രതിയും രണ്ടാംപ്രതിയുമായുള്ള പരിചയമാണ് മറ്റു പ്രതികളുമായി ചേർന്ന് കുറ്റകൃത്യം നടത്താൻ ഇടയാക്കിയത്. പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടറായിരുന്ന ജിബു ജോണാണ് പ്രതികളെ പിടികൂടിയത്. തുടർന്ന്, ഇൻസ്പെക്ടർ രഗീഷ് കുമാർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തിരിച്ചറിയൽ നടത്തുന്നതിനായി മുഖംമൂടി അണിയിച്ചാണ് പ്രതികളുടെ തെളിവെടുപ്പും മറ്റും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.