വിഴിഞ്ഞം: മുല്ലൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ വിഴിഞ്ഞം പൊലീസ് പ്രതികളുമായി കൊല നടന്ന വീട്ടിലെത്തി തെളിവെടുത്തു. വിഴിഞ്ഞം സ്വദേശിനി റഫീക്ക, മകൻ ഷെഫീക്ക്, സുഹൃത്ത് പാലക്കാട്ടുകാരനായ അൽ അമീൻ എന്നിവരെയാണ് മുല്ലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്.
മുല്ലൂരിൽ പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്ത് ഒറ്റക്ക് താമസിച്ചുവന്ന ശാന്തകുമാരി എന്ന വയോധികയെയാണ് തലക്കടിച്ച് കൊലപ്പെടുത്തിയത്. ശാന്തകുമാരി ധരിച്ചിരുന്ന ഏഴ് പവന്റെ സ്വർണാഭരണം കവരാനാണ് കൊല നടത്തിയത്. പ്രതികളുമായി നല്ല ബന്ധത്തിലായിരുന്നു ശാന്തകുമാരി. ഇവരെ പ്രതികൾ താമസിച്ചിരുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തിൽ ഷാൾ മുറുക്കിയും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം വീടിന്റെ മച്ചിൽ കയറ്റിവെച്ച് കോഴിക്കോട്ടേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പിടിയിലായത്. കൊല നടത്തിയ രീതിയും മൃതദേഹം മച്ചിലേക്ക് ഉയർത്തിയതുമടക്കുള്ള കാര്യങ്ങളും പൊലീസിനോട് വിശദീകരിച്ചു. കൊലപാതകം നടന്ന സമയം പ്രതികളിലൊരാൾ ധരിച്ചിരുന്ന വസ്ത്രം വീടിനുള്ളിൽ ഉപേക്ഷിച്ചത് കണ്ടെടുത്തു. ഫോർട്ട് അസി. കമീഷണർ എസ്. ഷാജിയുടെ നേതൃത്തിൽ വൻ പോലീസ് സംഘത്തിന്റെ സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.