തെലങ്കാനയിലും ഹണിമൂൺ മോഡൽ കൊലപാതകം; അമ്മയും മകളും സ്നേഹിച്ചത് ഒരാളെ, കാമുകനൊപ്പം കഴിയാൻ ഭർത്താവിനെ കൊലപ്പെടുത്തി യുവതി

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ വിവാഹം കഴിഞ്ഞ് ഒരുമാസത്തിനകം യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. കൊലപാതകത്തിന് പിന്നിൽ യുവാവിന്റെ ഭാര്യയും കാമുകനുമാണെന്ന് പൊലീസ് ക​ണ്ടെത്തുകയായിരുന്നു.

ഒരു കനാലിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം പരാതി നൽകിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മേഘാലയയിലെ ഹണിമൂൺ കൊലപാതകവുമായി സാമ്യമുള്ളതാണ് ഈ കൊലപാതകം.

തെലങ്കാനയിലെ ഗഡ്വാൾ സ്വദേശി തേജേശ്വർ ആണ് കൊല്ല​പ്പെട്ടത്. ലാൻഡ് സർവേയറും നർത്തകനുമായിരുന്ന തേജേശ്വറും ഐശ്വര്യയും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ മേയ് 18നായിരുന്നു.

രാജാ രഘുവംശിയെ കൊലപ്പെടുത്തിയതു പോലെ തേജേശ്വറിനെയും ഇല്ലാതാക്കാനായിരുന്നു ​പ്രതികളായ ഐശ്വര്യയും കാമുകൻ തിരുമൽ റാവുവും ലക്ഷ്യമിട്ടിരുന്നത്. ആ പ്ലാൻ ഇങ്ങനെയായിരുന്നു: ഐശ്വര്യയും തേജേശ്വറും ബൈക്കിൽ പുറത്തുപോകുന്നു. വഴി​​മധ്യേ ക്വട്ടേഷൻ സംഘം ഇവരെ ആക്രമിക്കുന്നു. തേജേശ്വർ കൊല്ലപ്പെടുന്നു. ഐശ്വര്യ തിരുമൽ റാവുവിനൊപ്പം രക്ഷപ്പെടുകയും ചെയ്യുന്നു. എന്നാൽ പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ച് പ്രതികൾ മറ്റ് വഴികൾ ആലോചിക്കുകയായിരുന്നു.

ഭർത്താവി​ന്റെ ചലനങ്ങൾ അറിയാനായി ഐശ്വര്യ ബൈക്കിൽ ജി.പി.എസ് ഡിവൈസ് ഘടിപ്പിച്ചിരുന്നു. കൂടാതെ തേജേശ്വറിന്റെ നീക്കങ്ങളറിയാൻ മോഹൻ എന്നയാളെയും ഏർപ്പാടാക്കി.

ഈ കേസുമായി ബന്ധപ്പെട്ട് ഐശ്വര്യ, അമ്മ സുജാത, കാമുകൻ തിരുമൽ റാവു എന്നിവരടക്കം എട്ടുപേരാണ് അറസ്റ്റിലായത്. തിരുമല റാവുവിന്റെ പിതാവും മകനെ സഹായിച്ചതായി പൊലീസ് കണ്ടെത്തി. ഇദ്ദേഹം മുമ്പ് പൊലീസിലായിരുന്നു.

തേജേശ്വറിനെ കാണാതായി ദിവസങ്ങൾ കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. ആ സമയത്ത് ഐശ്വര്യയിൽ വലിയ ദുഃഖമൊന്നും കാണാത്തതാണ് തേജേശ്വറിന്റെ വീട്ടുകാരിൽ സംശയം ഉണ്ടാക്കിയത്. പ്രതികൾ പലതവണ തേജേശ്വറെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു​വെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിൽ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിച്ചു.

ഐശ്വര്യയുടെ അമ്മ സുജാതയുമായും തിരുമൽ റാവുവിന് ബന്ധമുണ്ടായിരുന്നു. റാവു നടത്തിയിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ തൂപ്പുകാരിയായിരുന്നു സുജാത. അവിടെ വെച്ചാണ് ഇരുവരും അടുത്തത്. പിന്നീട് സുജാതക്ക് പകരം ഐശ്വര്യ ജോലിക്കെത്തി. അതോടെ ഐശ്വര്യയുമായും റാവു പ്രണയത്തിലായി. 2019ൽ മറ്റൊരു യുവതിയുമായി റാവുവിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഭാര്യയെ കൊല്ലാനും റാവു ശ്രമം നടത്തിയിരുന്നു. റാവുവുമായുള്ള ബന്ധം അറിഞ്ഞതോടെ അതുപേക്ഷിച്ച് തേജേശ്വറെ വിവാഹം കഴിക്കാൻ സുജാത ഐശ്വര്യയെ നിർബന്ധിച്ചു. എന്നാൽ ഐശ്വര്യ അതിന് തയാറായില്ല. എന്നാൽ സുജാത മുൻകൈയെടുത്ത് വിവാഹം നടത്താൻ തീരുമാനിച്ചു. വിവാഹതീയതി തീരുമാനിച്ചതോടെ ഐശ്വര്യയെ കാണാതായി. ഒടുവിൽ തിരിച്ചെത്തിയ ശേഷം തേജേശ്വ​റെ വിവാഹം കഴിക്കാൻ ഐശ്വര്യ തയാറായി. വിവാഹത്തിനുള്ള പണമുണ്ടാക്കാൻ അമ്മക്ക് കഴിയാത്തത് കൊണ്ട് മാറിനിൽക്കുകയായിരുന്നുവെന്ന് ഐശ്വര്യ തേജേശ്വറെ വിശ്വസിപ്പിച്ചു. തനിക്ക് തേജേശ്വറെ തന്നെ വിവാഹം കഴിച്ചാൽ മതിയെന്നും പറഞ്ഞു. എന്നാൽ തേജേശ്വറിന്റെ കുടുംബം ഇതൊന്നും വിശ്വസിക്കാൻ തയാറായില്ല. ഒടുവിൽ മേയ് 18ന് രണ്ടുപേരുടെയും വിവാഹം നടന്നു.

വിവാഹംകഴിഞ്ഞതിന് പിന്നാലെ ഐശ്വര്യ നിരന്തരം ഫോണിലായിരുന്നു. അമ്മയുമായി സംസാരിക്കുകയാണെന്ന് അവൾ തേജേശ്വറിന്റെ കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചു. ഫെ​ബ്രുവരിക്കും ജൂണിനുമിടയിൽ ഐശ്വര്യയും റാവുവും തമ്മിൽ 2000 ഫോൺ കോളുകൾ നടത്തിയതായി പൊലീസ് കണ്ടെത്തി. വിവാഹദിനത്തിന്റെ അന്നുപോലും രണ്ടുപേരും വിഡിയോ കോൾ ചെയ്തിരുന്നു.

A Mother-daughter love triangle in Telangana. then a marriage and a murder

Tags:    
News Summary - Mother-daughter love triangle in Telangana. then a marriage and a murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.