മരിച്ചതല്ല, കൊന്നതാണ്; വയോധികയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ
ആമ്പല്ലൂർ (തൃശൂർ): വരാക്കര പയ്യാക്കരയില്‍ വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പയ്യാക്കര മേച്ചേരി വീട്ടില്‍ എല്‍സിയാണ് (75) മരിച്ചത്. കൊലപാതകത്തില്‍ മകന്‍ ബിനോയിയെ (48) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് എല്‍സിയെ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് സ്ഥിരീകരിച്ചത്. എല്‍സിയുടെ ഭര്‍ത്താവ് വര്‍ഗീസിന്റെ സഹോദരി മല്‍പ്പാന്‍ വീട്ടില്‍ ആനിയുടെ വീട്ടിലാണ് രണ്ടുവര്‍ഷമായി എല്‍സിയും മകന്‍ ബിനോയിയും താമസിച്ചിരുന്നത്. ആനിയും മകന്‍ നിജോയും കഴിഞ്ഞ ശനിയാഴ്ച മുതല്‍ മാളയില്‍ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. എല്‍സിയും മകന്‍ ബിനോയിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ വീടിനുള്ളില്‍ ആളനക്കം കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസി വന്ന് നോക്കിയപ്പോഴാണ് എല്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹാളില്‍ അടുക്കള വാതിലിന് സമീപത്തായി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. എല്‍സിയുടെ തലയില്‍ ചെറിയ മുറിവുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു.
ഈ സമയത്ത് വീടിനുള്ളില്‍ മദ്യപിച്ച നിലയിലായിരുന്നു ബിനോയി. അയല്‍വാസികള്‍ വന്നപ്പോഴാണ് സംഭവം അറിഞ്ഞതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.