ഗാന്ധിനഗർ: ഗുജറാത്തിൽ നാലുവയസ്സുകാരിയെ തട്ടിയെടുത്ത് നരബലി നൽകി. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ ലാലാ ഭായി (42) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഛോട്ടാ ഉദേപൂരിലെ ബോദേലി ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. കുട്ടിയുടെ അമ്മയുടെയും ഗ്രാമവാസികളുടെയും മുന്നിലാണ് കൊലപാതകം നടന്നത്.
ലാലാ ഭായിയുടെ വീടിനോട് ചേർന്ന് ക്ഷേത്രമുണ്ട്. കുട്ടിയെ കൊലപ്പെടുത്തി ഇയാൾ രക്തം ക്ഷേത്രത്തിന്‍റെ പടവുകളിൽ ഒഴിച്ചതായി അഡിഷണൽ പൊലീസ് സൂപ്രണ്ട് ഗൗരവ് അഗർവാൾ പറഞ്ഞു.
പെൺകുട്ടിയുടെ മാതാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തിങ്കളാഴ്ച രാവിലെയാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയും ഒന്നരവയസുള്ള സഹോദരനും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ അടുക്കളയിലായിരുന്ന സമയം പ്രതി വീട്ടിനുള്ളിൽ കടന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് തന്‍റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അമ്മ തടയാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. തുടർന്ന് പ്രതി മഴുകൊണ്ട് പെൺകുട്ടിയുടെ തലവെട്ടിമാറ്റിയ ശേഷം രക്തം ശേഖരിച്ച് ക്ഷേത്രത്തിനു മുന്നിൽ നിവേദ്യമായി വെച്ചെന്ന് പൊലീസ് പറയുന്നു.
നരബലിയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസെന്ന് എ.എസ്.പി അഗർവാൾ പറഞ്ഞു. വീട്ടിനോട് ചേർന്ന ക്ഷേത്രത്തിൽ നിന്നും പടികളിൽ നിന്നും രക്തം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും. പ്രതി മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയെ ഗ്രാമവാസികൾ നോക്കിനിൽക്കെയാണ് പ്രതി വലിച്ചിഴച്ച് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കയ്യിൽ മഴു ഉണ്ടായിരുന്നതിനാൽ ആർക്കും ഇയാളെ തടയാൻ ധൈര്യമുണ്ടായിരുന്നില്ല. പെൺകുട്ടിയെ കഴുത്ത് വെട്ടി കൊലപ്പെടുത്തിയതിന് പിന്നാലെ ഗ്രാമവാസികൾ ചേർന്ന് പ്രതിയെ ആക്രമിച്ചു. ഇതേത്തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിലാക്കിയിരിക്കുകയാണ്.
ദൈവത്തെ പ്രീതിപ്പെടുത്താനുള്ള നരബലിയുടെ ഭാഗമായാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നതെന്ന് ബോദേലി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.