അറസ്റ്റിലായ അലൻ മാത്യു
തൃശൂർ: കൊറിയർ/പാർസൽ സർവിസുകളുടെ മറവിൽ മയക്കുമരുന്ന് കടത്തിയ കേസിൽ പ്രധാന പ്രതിയെ തൊടുപുഴയിൽ നിന്ന് പിടികൂടി. തൊടുപുഴ ഒളമറ്റം സ്വദേശി ചെറ്റാരിക്കൽ വീട്ടിൽ അലൻ മാത്യു (25) ആണ് പിടിയിലായത്. ഓൺലൈൻ കൂട്ടായ്മകൾക്ക് രൂപംനൽകി ലഹരിമരുന്ന് വിൽപന നടത്തിവന്ന സംഘത്തെ ആറു കിലോ കഞ്ചാവുമായി പിടികൂടിയ കേസിൽ, ഇവർക്ക് കഞ്ചാവ് അയച്ചുകൊടുത്ത പ്രതിയാണ് അലനെന്ന് ആളൂർ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജനുവരി 24ന് വൈകീട്ട് കൊമ്പിടിഞ്ഞാമാക്കൽ വെച്ച് വിൽപനക്കായി സൂക്ഷിച്ചിരുന്ന ആറു കിലോ കഞ്ചാവുമായി ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരെ ആളൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിക്കപ്പെടാതിരിക്കാൻ വെർച്വൽ നമ്പറുകൾ ഉപയോഗിച്ച് ബന്ധപ്പെട്ട് കൊറിയർ വഴി കഞ്ചാവ് എത്തിച്ചുനൽകിയത് അലൻ മാത്യുവാണെന്ന് പൊലീസ് കണ്ടെത്തിയത്.
മാസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തിയ വിവരമറിഞ്ഞ് തൊടുപുഴ പൊലീസിന്റെ സഹായത്തോടെയാണ് ആളൂർ പൊലീസ് പിടികൂടിയത്. മുട്ടം, കളമശ്ശേരി, കുളമാവ്, രാജക്കാട്, അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധികളിലായി അടിപിടിക്കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും ലഹരി ഉപയോഗിച്ച് മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക പ്രവൃത്തി ചെയ്ത കേസിലും അടക്കം അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അലൻ മാത്യു.
ആളൂർ സ്റ്റേഷൻ ജി.എ.എസ്.എ മിനിമോൾ, സി.പി.ഒമാരായ ലിജോ ആന്റണി, അരുൺ, ഹരികൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.