ഫൈസൽ
മംഗലപുരം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് ബന്ധുക്കളുടെ വീടിന് തീയിട്ടു. കണിയാപുരത്ത് വാടകക്ക് താമസിക്കുന്ന അമീന-ഷാജഹാൻ ദമ്പതികളുടെ വീടാണ് ഇവരുടെ സഹോദരി പുത്രനായ ഫൈസൽ (28) തീയിട്ട് നശിപ്പിച്ചത്.
ബുധനാഴ്ച രാത്രി ഏഴോടെ വീട്ടിലെത്തിയ ഫൈസൽ ലഹരിമരുന്ന് വാങ്ങാനായി പണം ആവശ്യപ്പെടുകയും, ഇത് നൽകാത്തതിനെത്തുടർന്ന് വീട്ടിൽ ബഹളം വെച്ച് സ്വന്തം കൈഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു. പൊലീസ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തുമ്പോഴും ഇയാൾ വീടിന് തീയിടുമെന്ന് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പൊലീസ് ഇവരോട് തൽക്കാലം ബന്ധുവീട്ടിലേക്ക് മാറിത്താമസിക്കാൻ നിർദേശിച്ചിരുന്നു. വീടിനു തീയിടുമെന്ന ഭയത്താൽ ഇവർ മറ്റൊരു ബന്ധുവീട്ടിലേക്ക് രാത്രി തന്നെ താമസം മാറി.
ഇന്നലെ പുലർച്ച നാലോടെ മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തെത്തിയ ശേഷം വീടിന് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഉണർന്നു നോക്കുമ്പോഴാണ് വീട് കത്തുന്നത് കണ്ടത്. ഗ്യാസ് സിലിണ്ടർ ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.