മസ്ജിദുകളിൽനിന്ന് ലാപ്ടോപ് മോഷ്ടിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്ത​​പ്പോൾ. മോഷണംപോയ ലാപ്ടോപ്പുകളും കാണാം.

‘പള്ളിയിലെ ലാപ്ടോപ് കള്ളൻ’ ഒടുവിൽ പിടിയിൽ; നമസ്കരിക്കുന്നവരുടെ ബാഗുമായി കടന്നുകളയും, കട്ടെടുത്തത് ആറ് ലാപ്ടോപ്പുകൾ

ഹൈദരാബാദ്: നമസ്കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തുക, മറ്റെല്ലാവരും നമസ്കരിക്കുമ്പോൾ അവരുടെ ബാഗുകളുമായി കടന്നുകളയുക. വേറിട്ട മോഷണതന്ത്രവുമായി വിലസിയ കള്ളൻ പക്ഷേ, ഒടുവിൽ പിടിയിലായി. ലാപ്ടോപ് കമ്പ്യൂട്ടറുകളടങ്ങിയ ബാഗുകളായിരുന്നു ‘പള്ളിയിലെത്തുന്ന കള്ളന്റെ’ പ്രധാന ഉന്നം. മോഷ്ടാവിനെ അതിവിദഗ്ധമായി കുരുക്കിയപ്പോൾ ആറു ലാപ്ടോപ്പുകളും ഒരു മൊബൈൽ ഫോണുമാണ് അയാളിൽനിന്ന് കണ്ടെടുത്തത്.

അബ്ദുൽ നദീം എന്ന 26കാരനാണ് ഒടുവിൽ പൊലീസിന്റെ പിടിയിലായത്. മലാക്പേട്ടിലെ മൂസാറംബാഗ് സ്വദേശിയാണിയാൾ.  നഗരത്തിലെ പള്ളികളിലെത്തി ലാപ്ടോപ്പുകൾ അടങ്ങിയതെന്ന് കരുതുന്ന ബാഗുകൾ ആദ്യംതന്നെ മോഷ്ടാവ് ഉന്നമിടും. ഇവയുടെ ഉടമസ്ഥർ നമസ്കരിക്കുന്ന സമയം നോക്കിയാണ് ബാഗുമായി കടന്നുകളയുക. ഓരോ മോഷണത്തിനും വ്യത്യസ്ത മസ്ജിദുക​ളാണ് ഇയാൾ തെരഞ്ഞെടുത്തിരുന്നത്.

നഗരത്തിലെ വിവിധ പ്രദേശങ്ങളിലുള്ള പള്ളികളിൽനിന്നായാണ് ഇയാൾ ലാപ്ടോപ്പുകൾ മോഷ്ടിച്ചത്. ആസിഫ് നഗർ, ചാദർഘട്ട്, അഫ്സൽഗഞ്ച്, ഖൈറത്താബാദ്, ആബിദ്സ് എന്നിവിടങ്ങളിലെ പള്ളികളിൽനിന്ന് മോഷ്ടിച്ച ലാപ്ടോപ്പുകളാണ് ഇയാളിൽനിന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ലാപ്ടോപ്പുകൾ മാത്രമല്ല, പള്ളികളിലെത്തുന്നവരിൽനിന്ന് വിലപിടിപ്പുള്ള മറ്റു പലതും ഇയാൾ മോഷ്ടിച്ചതായും പൊലീസ് വ്യക്തമാക്കി. പള്ളികളിൽനിന്ന് ലാപ്ടോപ്പുകൾ മോഷണം പോകുന്നത് പതിവായതോടെ ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയിരുന്നു. തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടാസ്ക് ഫോഴ്സും അഫ്സൽഗഞ്ച് പൊലീസും ചേർന്നാണ് മോഷ്ടാവിനെ വലയിലാക്കിയത്. 

Tags:    
News Summary - Man held for stealing laptops from masjids in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.