സിക്ര
ന്യൂഡൽഹി: ഡൽഹി സീലംപൂരിൽ 17കാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 22കാരിയായ സിക്രയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് 17കാരനായ കുനാലിനെ സീലംപൂരിൽ വ്യാഴാഴ്ച രാത്രി കൊലപ്പെടുത്തിയത്. കൊലനടത്തിയ രണ്ടുപേരും പ്രായപൂർത്തിയാകാത്തവരാണ്. സിക്രയുടെ സംഘാംഗമായ ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ഷോയിബ് മസ്താൻ എന്ന ഗുണ്ടയുടെ നേതൃത്വത്തിലുള്ള മസ്താൻ ഗ്യാങ്ങിലെ അംഗമാണ് സിക്ര. ഷോയിബ് മസ്താൻ മോഷണക്കേസിൽ അറസ്റ്റിലായി ജയിലിലാണ്. ഇതോടെ സിക്ര 'ലേഡി ഡോൺ' ആയി സ്വയം അവരോധിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ അക്രമിസംഘത്തെ സിക്ര വളർത്തിയെടുത്തതായി പൊലീസ് പറയുന്നു. പത്തോളം ആൺകുട്ടികളാണ് സിക്രയുടെ സംഘത്തിലുള്ളത്.
രണ്ട് കുട്ടികളുടെ അമ്മയാണ് സിക്ര. ഭർത്താവിൽ നിന്ന് അകന്നുകഴിയുകയാണ് ഇവർ. തോക്കുകളോട് വലിയ കമ്പമുള്ള സ്ത്രീയാണ് ഇവരെന്ന് പൊലീസ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിക്ര തോക്ക് ഉപയോഗിക്കുന്ന റീലുകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. നേരത്തെ, ആയുധനിയമപ്രകാരം അറസ്റ്റിലായ സിക്ര കൊലപാതകത്തിന് 15 ദിവസം മുമ്പാണ് ജയില്‍ മോചിതയായത്.
സിക്രയുടെ സംഘത്തിലെ ഒരു ആൺകുട്ടിയെ കഴിഞ്ഞ നവംബറിൽ ലാല എന്ന് പറയുന്നയാൾ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് 17കാരനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് വർഗീയനിറം നൽകിയതിനെ തുടർന്ന് മേഖലയിൽ പൊലീസ് കനത്ത ജാഗ്രതയിലാണ്. വിശ്വ ഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.