കുതിരവട്ടത്തുനിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ഡിസംബറിൽ ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. മുംബൈയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ നാളെ നാട്ടിലെത്തിക്കും. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. മുബൈയിൽനിന്നും നാട്ടിലുള്ള ബന്ധുവിനെ സ്വന്തം ഫോണിൽനിന്നും വിളിച്ചതാണ് കേസിന് വഴിത്തിരിവായത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

മുബൈയിൽ പല സ്ഥലങ്ങളിൽ പല ജോലികൾ ചെയ്തുവരുകയായിരുന്നു ഇയാൾ. മുബൈ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശുചിമുറിയുടെ ചുമർ തുരന്ന് പ്രതി ചാടിപ്പോയത്. മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. നേരത്തെ ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 29നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് വിനീഷ് രക്ഷപ്പെട്ടത്. ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് 10 ദിവസത്തോളം ശ്രമിച്ച് സെല്ലിലെ ടൈലുകൾ ഇളക്കിമാറ്റി. തുടർന്ന് ഭിത്തി തുരന്ന് പുറത്തുകടക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇയാൾ കുതിരവട്ടത്തുനിന്ന് ചാടിപ്പോകുന്നത്.

സംഭവം പൊലീസിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. വിനീഷ് രക്ഷപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിൽ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ സ്ഥലം മാറ്റുകയായിരുന്നു. പ്രതി ചാടിപ്പോ‍യ വാർത്ത ദൃശ്യയുടെ കുടുംബത്തെയും ആശങ്കയിലാക്കിയിരുന്നു. വിനീഷിൽനിന്ന് മുമ്പും ഭീഷണിയുണ്ടായിരുന്ന സാഹചര്യത്തിൽ കുടുംബത്തിന് പൊലീസ് സുരക്ഷ വർധിപ്പിച്ചു. പ്രതി സംസ്ഥാനം വിട്ടെന്ന നിഗമനത്തിൽ കർണാടക ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.

കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരുന്ന വിനീഷ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡിസംബർ 10ന് കുതിരവട്ടത്ത് എത്തിച്ചത്. മുംബൈയിൽനിന്ന് പിടികൂടിയ ഇയാളെ ഉടൻ കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ്

2021 ജൂൺ 17 ന് രാവിലെ 8.30നാണ് എൽ.എൽ.ബി വിദ്യാർഥിനിയായിരുന്ന ദൃശ്യയെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്. കത്തികൊണ്ട് കുത്തിയ 22 മുറിവുകളായിരുന്നു ശരീരത്തിൽ ഉണ്ടായിരുന്നത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് പോസ്‌റ്റ്മോർട്ടത്തിൽ പറയുന്നു. മഞ്ചേരി നറുകര കുണ്ടുപറമ്പ് പുതുവേലിയിൽ വിനീഷ് വിനോദും ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടിൽ വീട്ടിൽ ദൃശ്യയും പ്ലസ്‌ടുവിന് സഹപാഠികളായിരുന്നു. ദൃശ്യയെ ശല്യം ചെയ്‌തതിന് സംഭവം നടക്കുന്നതിന്റെ രണ്ടുമാസം മുമ്പ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു അരുംകൊല നടന്നത്.

കൊലപാതകത്തിന്റെ തലേന്ന് ബുധനാഴ്ച രാത്രിയിൽ ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തൽമണ്ണ കിഴക്കേതിൽ കോംപ്ലക്‌സിലെ സി.കെ.സ്റ്റോഴ്‌സ് എന്ന പേരിലുള്ള കളിപ്പാട്ടക്ക‌ട പ്രതി തീവെച്ച് നശിപ്പിച്ചിരുന്നു. ശേഷമാണ് ദൃശ്യയുടെ വീട്ടിലേക്ക് പ്രതി എത്തിയത്. അടുക്കള വാതിൽ വഴിയാണ് പ്രതി വീടിനുള്ളിൽ കടന്നത്. കുത്താനുള്ള കത്തി എടുത്തതും അടുക്കളയിൽനിന്ന് തന്നെ. ബഹളം കേട്ട് ഓടിയെത്തി കുത്തുന്നത് തടയാൻ ശ്രമിച്ച ദൃശ്യയുടെ സഹോദരി ദേവശ്രീക്കാണ് ആദ്യം കുത്തേറ്റത്. തുടർന്ന് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം വിനീഷ് മടങ്ങിയ ഓട്ടോ ഡ്രൈവർ ജൗഹറിന്റെ സധൈര്യമുള്ള ഇടപെടലും തന്ത്രപരമായ നീക്കവുമാണ് വിനീഷ് പിടിയിലാവാൻ കാരണമായത്.

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓട്ടോ ഡ്രൈവർ തന്ത്രപൂർവം പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ റിമാൻഡിലായിരുന്ന സമയത്ത് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൊലപാതകം നടന്ന് 57ാം ദിവസം പൊലീസ് 518 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. 3 സാക്ഷികളുടെ രഹസ്യ മൊഴി ഉൾപ്പെടെ 81 പേരുടെ മൊഴിയും 80 തൊണ്ടിമുതലും സമർപ്പിച്ചിരുന്നു.

Tags:    
News Summary - Drishya murder case suspect Vineesh arrested after fleeing from Kuthiravattom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.