കരൂർ: തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുള്ള കൊച്ചുമകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നിർമാണ തൊഴിലാളിയെ അരിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മുത്തശ്ശി. കൽതലൈ ടോൾഗേറ്റ് മേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം അരങ്ങേറിയത്.
ഗുണ്ടങ്കൽപാറ സ്വദേശിയായ മാണിക്യനാണ് ആക്രമണത്തിനിരയായത്. പ്രതിയായ ഇയാൾ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരമറിഞ്ഞ് രോഷാകുലയായ 55 കാരിയായ മുത്തശ്ശി, കൽതലൈയിലെ ഒരു ചായക്കടക്ക് സമീപം വെച്ച് ഇയാളെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് വെട്ടിയ ഇവർ, ആളുകൾ നോക്കിനിൽക്കെ ആക്രമണം തുടർന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് ശരീരത്തിൽ പത്ത് വെട്ടേറ്റിട്ടുണ്ട്.
ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും രോഷം മൂത്ത് ഇയാളെ മർദ്ദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, പരിക്കേറ്റ യുവാവിനെ രക്ഷപ്പെടുത്തി കൽതലൈ ജില്ലാ സർക്കാർ ആസ്ഥാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
പെൺകുട്ടിയുടെ മാതാപിതാക്കൾ ഒരു ഗ്രാമത്തിലും മുത്തശ്ശനും മുത്തശ്ശിയും മറ്റൊരു ഗ്രാമത്തിലുമാണ് താമസിക്കുന്നത്. കുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം, അകന്ന ബന്ധുവുമായ മാണിക്യൻ കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലേക്ക് കൊണ്ടുവിടാൻ ഒപ്പം കൂട്ടിയതായിരുന്നു. എന്നാൽ കുട്ടിയെ വീട്ടിലെത്തിക്കുന്നതിന് പകരം സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ മുത്തശ്ശിയുടെ വീടിനടുത്ത് കൊണ്ടുവന്ന് ഇറക്കിവിടുകയും ചെയ്തു.
തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് കുട്ടി മുത്തശ്ശിയോട് തുറന്നുപറഞ്ഞതോടെയാണ് സത്യം പുറത്തറിഞ്ഞത്. ഇയാളെ കണ്ടെത്താൻ ദിവസങ്ങളായി അന്വേഷണത്തിലായിരുന്ന മുത്തശ്ശി, വെള്ളിയാഴ്ച കുറ്റവാളി കൽതലൈയിൽ ഉണ്ടെന്നറിഞ്ഞ് അവിടെയെത്തി അരിവാളുമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇവരെ കൽതലൈ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.
പെൺകുട്ടിയുടെ പരാതിയിലും യുവാവിനെ ആക്രമിച്ച സംഭവത്തിലും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് കൽതലൈ ഡി.എസ്.പി മണികണ്ടൻ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ശേഷമേ ഇരുവർക്കുമെതിരെ ഔദ്യോഗികമായി കേസുകൾ രജിസ്റ്റർ ചെയ്യുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.