കൊലപാതകങ്ങൾക്ക് കൂട്ടുനിന്നു, നിരവധി മൃതദേഹങ്ങൾ അടക്കം ചെയ്തു; വർഷങ്ങൾക്കുശേഷം കുറ്റസമ്മതം നടത്തി കർണാടക സ്വദേശി

ബംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമ്മസ്ഥല ഗ്രാമത്തിൽ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യുവാവ്. താൻ നിരവധി കൊലപാതകങ്ങൾക്ക് കൂട്ടുനിന്നിട്ടുണ്ടെന്നും ആ മൃതദേഹങ്ങളെല്ലാം അടക്കം ചെയ്‌തെന്നും എനിക്കിപ്പോൾ കുറ്റബോധം തോന്നുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു യുവാവിന്റെ കുറ്റസമ്മതം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കുറ്റസമ്മതം നടത്തിയത്. തുടർന്ന് പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്നും ആവശ്യമായ അനുമതികൾ നേടിയ ശേഷം ഭാരതീയ ന്യായ സംഹിത സെക്ഷൻ 211 (എ) (നിയമം അനുശാസിക്കുന്ന രീതിയിലും സമയത്തും ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നത്) പ്രകാരം ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുറ്റബോധം കൊണ്ടാണ് ഇത് വെളിപ്പെടുത്തുന്നത്. നിയമപരമായ സഹായങ്ങൾ നൽകിയാൽ കുറ്റകൃത്യം നടത്തിയ ആളുകളെക്കുറിച്ചും മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലങ്ങളെക്കുറിച്ചും പൂർണ വിവരങ്ങൾ നൽകാൻ തയ്യാറാണെന്ന് യുവാവ് പൊലീസിൽ അറിയിച്ചിട്ടുണ്ടെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. തന്റെ വ്യക്തിത്വം രഹസ്യമായി സൂക്ഷിക്കണമെന്ന് യുവാവ് പൊലീസിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അതിനാൽ വ്യക്തിഗത വിവരങ്ങൾ പുറത്ത് വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

കേരളത്തിലും സമാനമായ സംഭവം രണ്ട് ദിവസം മുന്നേ നടന്നിട്ടുണ്ടായിരുന്നു. 39 വർഷങ്ങൾക്ക്‌ മുമ്പ് താനൊരു കൊലപതാകം ചെയ്തതായി കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദലി മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയിരുന്നു. അതിനു ശേഷം വീണ്ടും ഒരു കൊലപാതകവും ചെയ്തതായി മുഹമ്മദലി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. 39 വർഷങ്ങൾക്ക് മുമ്പ് നടന്ന കൊലപാതകമായതിനാൽ കേസിൽ അന്വേഷണം ദുഷ്ക്കരമാണ്. എങ്കിലും പഴയ പത്ര വാർത്തകളും മിസ്സിങ് കേസുകളും പരിശോധിച്ച് മുന്നോട്ട് പോകുകയാണ് പ്രത്യേക അന്വേഷണ സംഘം.

Tags:    
News Summary - Karnataka native confesses to murders, burying several bodies after years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.