പത്തനംതിട്ട: ചിറ്റാർ ഉന്നതിയിൽ വീടിനടുത്തുള്ള കുഴിയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി മരിച്ച സന്ദീപി(35)ന്റെ പിതാവ് സദാനന്ദൻ പറഞ്ഞു. വെള്ളം പോലും കുടിക്കാൻ കഴിയാത്ത നിലയിലാണ് മകനെ കണ്ടെത്തിയതെന്നും പ്രണയിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ ആക്രമിച്ചതാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകൻ ഒരു യുവതിയുമായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ നേരത്തെ സന്ദീപിനെ മർദിച്ചിട്ടുണ്ടെന്നും സദാനന്ദൻ പറഞ്ഞു.
‘ദേഹത്ത് പാടുകളൊക്കെ ഉണ്ടായിരുന്നു. നെറ്റിക്കും നെഞ്ചത്തുമൊക്കെ പാടുണ്ട്. അതാ സംശയത്തിന് കാരണം. ഇരുമ്പുവടി കൊണ്ട് മർദിച്ചതാണോ എന്ന് സംശയമുണ്ട്. മോൻ ഒന്നും പറഞ്ഞിട്ടില്ല. വെള്ളം ഇറക്കാൻ തന്നെ കഴിയാത്ത അവസ്ഥയിലായിരുന്നു അവൻ. ദേഹത്ത് മുറിവില്ല, പക്ഷേ, നെറ്റിക്കും വയറിലും ഒക്കെ മുഴച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് സംശയം. സ്നേഹിച്ച ആ പെണ്ണിന്റെ അച്ഛൻ ആദ്യമേ അവനെ അടിക്കുക ഒക്കെ ചെയ്തിട്ടുണ്ട്. ഒരു പ്രാവശ്യം അതിന് കേസ് എടുത്തിരുന്നു. കൊലപാതകത്തിന് പ്രതികളെ അറസ്റ്റ് ചെയ്യണം. നിയമ നടപടി സ്വീകരിക്കണം’ -സദാനന്ദൻ ആവശ്യപ്പെട്ടു.
പത്തനതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് സന്ദീപ് ചിറ്റാർ കൊടുമുടിയിലെ വീട്ടിൽനിന്ന് പോയത്. എട്ടു മണിയോടെ സന്ദീപിനെ വീടിന് സമീപത്തുള്ള വലിയ കുഴിയിൽ അവശനിലയിൽ കണ്ടതായി അയൽവാസികൾ വിവരമറിയിക്കുകയായിരുന്നു.ഈ സമയത്ത് ചിലർ അവിടെനിന്ന് ഓടിപ്പോകുന്നത് ശ്രദ്ധയിൽപെട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. അത് ആരാണ് എന്നത് വ്യക്തമായിട്ടില്ല.
സന്ദീപിന് പ്രത്യക്ഷത്തിൽ പരിക്കുകൾ ഒന്നും കണ്ടില്ലെങ്കിലും വെള്ളം പോലും കുടിക്കാൻ കഴിയാത്തത്ര നിലയിൽ ക്ഷീണിതനായിരുന്നു. ചിറ്റാർ പൊലീസിനെ വിവരം അറിയിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചിറ്റാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.