'മനുഷ്യശരീരങ്ങളോട് പ്രത്യേക താല്പര്യമുണ്ട്'; തൊലികൊണ്ട് മുഖംമൂടി, ഭരണിക്കുള്ളിൽ ഹൃദയം; ശരീരഭാഗങ്ങൾ പാകം ചെയ്ത് കഴിച്ച യുവാവ് അറസ്റ്റിൽ

ബുഡാപെസ്റ്റ്: മനുഷ്യശരീരഭാഗങ്ങൾ ശേഖരിക്കുകയും പാകം ചെയ്ത് കഴിക്കുകയും ചെയ്ത മുപ്പതുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ആശുപത്രിയിൽ അറ്റൻഡന്റായി ജോലി ചെയ്യുന്ന യുവാവാണ് നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ പിടിയിലായത്. ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിൽ താമസിക്കുന്ന പ്രതിയുടെ  ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ പേടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മനുഷ്യന്റെ തലയോട്ടികൾ, കാൽ, കൈ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കൂടാതെ, മനുഷ്യന്റെ മുഖത്തെ തൊലി ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമമായ മുഖംമൂടിയും പൊലീസ് ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തു. വലിയ സ്യൂട്ട്കേസിൽ സൂക്ഷിച്ച നിലയിൽ മനുഷ്യന്റെ മറ്റ് അസ്ഥികളും, ഭരണിക്കുള്ളിൽ സൂക്ഷിച്ച നിലയിൽ ഹൃദയവും കണ്ടെത്തിയിട്ടുണ്ട്. ഹൃദയം മനുഷ്യന്റേതാണോ അതോ ഏതെങ്കിലും മൃഗത്തിന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

അതേസമയം, പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയത്. തനിക്ക് മനുഷ്യശരീരങ്ങളോട് പ്രത്യേക താല്പര്യമുണ്ടെന്നും, പലപ്പോഴായി ശേഖരിച്ച ശരീരഭാഗങ്ങൾ പാകം ചെയ്ത് ഭക്ഷിച്ചിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചു. അനാട്ടമി (ശരീരശാസ്ത്രം), പതോളജി എന്നിവയിൽ തനിക്ക് വലിയ കമ്പമുണ്ടെന്നും, മൃഗങ്ങളെ കീറിമുറിക്കുന്നത് വിനോദമായിരുന്നു എന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നും, കൂടാതെ സ്ലൊവാക്യ, ഹംഗറി എന്നിവിടങ്ങളിലെ ഉപേക്ഷിക്കപ്പെട്ട ശ്മശാനങ്ങളിൽ നിന്നും കല്ലറകൾ തോണ്ടിയാണ് ഇയാൾ ശരീരഭാഗങ്ങൾ ശേഖരിച്ചിരുന്നത്.

പ്രതിയുടെ ഫ്ലാറ്റിൽ നിന്നും ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡാറ്റാ കാർഡുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ മനുഷ്യശരീരത്തെ അപകീർത്തിപ്പെടുത്തൽ, നിയമവിരുദ്ധമായി കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതോടെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.അതേസമയം, വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Tags:    
News Summary - Man arrested for cooking and eating body parts, wearing a skin mask and a heart in a jar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.