കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ബുള്ളറ്റ് മോഷണം നടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ. തമിഴ്നാട്, നാഗാർകോവിൽ സ്വദേശി ഹരേന്തർ ഇർവിൻ എന്ന ഡോ. ബെന്നിയാണ് അറസ്റ്റിലായത്.
സിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ ബുള്ളറ്റ് മോഷണം വ്യാപകമായതിനെ തുടർന്ന് പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചു അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ എട്ടിന് ഒലവക്കോട് ഭാഗത്തുനിന്ന് തമിഴ്നാട് സ്വദേശി ശിവകുമാർ, ഒലവക്കോട് സ്വദേശി വിനോദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അഞ്ച് ബുള്ളറ്റ് മോഷണക്കേസുകൾ തെളിഞ്ഞിരുന്നു.
ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്നാണ് സംഘത്തിലെ പ്രധാനിയും മോഷണ ബുള്ളറ്റുകൾക്ക് വ്യാജ രേഖകൾ ഉണ്ടാക്കി കൊടുക്കുന്നയാളെ പറ്റിയുള്ള വിവരം ലഭിക്കുന്നത്. ഇയാൾ വാഴക്കാല ഭാഗത്ത് ഒരു വീട്ടിൽ ആയുർവേദ ഡോക്ടർ എന്ന വ്യാജേന വാടകക്ക് താമസിക്കുകയായിരുന്നു.
കൂടെയുള്ളവർ അറസ്റ്റിലായ വിവരം അറിഞ്ഞ പൊലീസ് എത്തുന്നതിനു മുമ്പേ അവിടുന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു. ശരിയായ പേരോ, വിലാസമോ പോലും കൂടെയുള്ളവർക്ക് പോലും അറിയില്ലായിരുന്നു. തുടർന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിനോടുവിലാണ് ബെന്നി കോയമ്പത്തൂരിൽനിന്ന് പിടിയിലായത്.
നിലവിൽ ഇയാൾ തിരുപ്പൂർ ഭാഗത്ത് മസാജ് പാർലർ നടത്തി വരുന്നു. സ്റ്റെതസ്കോപ്പും മരുന്നുകളും നിരവധി വ്യാജ ഐ.ഡി കാർഡുകളും സീലുകളും ഉണ്ടായിരുന്നു. കലൂർ സ്റ്റേഡിയത്തിൽനിന്ന് കഴിഞ്ഞ എട്ടാം തീയതി മോഷണം പോയ ബുള്ളറ്റിനെ പറ്റിയുള്ള വിവരവും ഇയാളിൽനിന്ന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.