ലഖ്നോ: 25കാരിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ 29 വയസുള്ള യുവാവിനെ കഴിഞ്ഞ ദിവസം ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരായിരുന്നു രണ്ടുപേരും.യുവാവിന്റെ പേര് അക്ബർ ഖാൻ എന്നും യുവതിയുടെത് സോണിക ചൗഹാൻ എന്നുമാണ്. ഇരുവരും വിവാഹം കഴിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. യുവാവിന്റെ രണ്ടു സഹോദരിമാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനു പിന്നാലെ ഇക്കഴിഞ്ഞ തിങ്കളാഴ്ച 60 ഓളം വരുന്ന ആൾക്കൂട്ടം യുവാവിന്റെ കട ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇരുവരും ഗാസിയാബാദിലെ ഇന്ദിരാപുരത്താണ് താമസം. അക്ബറിന്റെ അറസ്റ്റിനു മുമ്പ് ഇരുവരും ചേർന്ന് റെക്കോർഡ് ചെയ്ത വിഡിയോ പുറത്തുവിട്ടിരുന്നു. ഒമ്പതു വർഷമായി തങ്ങൾ പ്രണയത്തിലാണ് എന്നാണ് സോണിക വിഡിയോയിൽ പറയുന്നത്. എന്നാൽ കുടുംബങ്ങളിൽ നിന്ന് ബന്ധം രഹസ്യമായി സൂക്ഷിച്ചു. 2022 ആഗസ്റ്റ് 29ന് ഇരുവരും ഡൽഹിയിൽ വെച്ച് വളരെ രഹസ്യമായി സ്പെഷ്യൽ മാര്യേജ് നിയമപ്രകാരം വിവാഹിതരായി. എന്നാൽ അതിനു ശേഷവും രണ്ടുപേരും ഒരുമിച്ചു കഴിഞ്ഞില്ല. ഇക്കഴിഞ്ഞ മേയ് 24ന് സോണിക മറ്റൊരു മതത്തിൽ പെട്ട യുവാവിനെ വിവാഹം കഴിച്ച കാര്യം വീട്ടുകാർ അറിഞ്ഞു. അവർക്ക് അക്കാര്യം അംഗീകരിക്കാനായില്ല. വീട്ടുകാർ എതിർത്തതിനെ തുടർന്ന് സോണിക വീട്ടിൽ നിന്നിറങ്ങി അക്ബറിനൊപ്പം താമസം തുടങ്ങി.
അതിനു ശേഷം സോണികയുടെ പിതാവ് ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിലെത്തി അക്ബർ മകളെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും ആരോപിച്ച് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വീട് റെയ്ഡ് നടത്തിയ പൊലീസ് അക്ബർ ഖാനെയും രണ്ട് സഹോദരിമാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സോണികയെ അവരുടെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. ഭാരതീയ നിയമസംഹിത പ്രകാരം തട്ടിക്കൊണ്ടുപോകൽ,സമാധാനം തകർക്കൽ, കലാപശ്രമം എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് അക്ബറിനെ വിവാഹം കഴിച്ചതെന്നും അതിന്റെ പേരിൽ അക്ബറിന്റെ വീട്ടുകാരെ ദ്രോഹിക്കരുതെന്നുമാണ് സോണിക വിഡിയോയിൽ പറയുന്നത്. മാത്രമല്ല, തന്റെ വീട്ടുകാരെയും വെറുതെ വിടണമെന്നും അഭ്യർഥനയുണ്ട്. ഇതൊന്നും പൊലീസ് പരിഗണിച്ചിട്ടേയില്ല. മകളെ കൊണ്ട് നിർബന്ധിച്ച് ചെയ്യിപ്പിച്ച വിഡിയോ ആണിതെന്നാണ് സോണികയുടെ പിതാവിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.