മേഘാലയയിൽ ഹണിമൂൺ യാത്രക്കിടെ നവവരൻ കൊല്ലപ്പെട്ട കേസ്; കാണാതായ നവവധു അറസ്റ്റിൽ

ലഖ്നോ: ഹണിമൂൺ യാത്രക്കിടെ ഇൻഡോർ സ്വദേശിയായ നവവരൻ മേഘാലയയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയാണ് (29) കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സോനത്തെയാണ് യു.പിയിലെ ഗാസിപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായും സോനം ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായും മേഘാലയ പൊലീസ് പറഞ്ഞു.

ഗാസിപൂരിൽ ഒളിവിൽ കഴിയുകയായിരുന്ന സോനം സ്വന്തം വീട്ടുകാരെ വിളിക്കുകയായിരുന്നു. വീട്ടുകാർ വിവരം പൊലീസിന് കൈമാറി. തുടർന്നാണ് യു.പി പൊലീസിനെ ബന്ധപ്പെട്ട് സോനത്തെ അറസ്റ്റ് ചെയ്തത്.

മേയ് 11നായിരുന്നു ഇവരുടെ വിവാഹം. ഹണിമൂൺ യാത്രയുടെ ഭാഗമായി മേഘാലയയിൽ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. ദമ്പതികളെ കാണാതായി 11 ദിവസങ്ങൾക്ക് ശേഷം ജൂൺ രണ്ടിന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കിൽ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. മേഘാലയ പൊലീസ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. 



 


ദമ്പതികളും പ്രദേശത്തെ കോഫി വിൽപ്പനക്കാരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആദ്യം സംശയിച്ചിരുന്നത്. സോനം അപായപ്പെട്ടോയെന്ന സംശയവുമുണ്ടായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധമായ വടിവാളും കൂടെ മൊബൈൽ ഫോണും മേഘാലയ പൊലീസ് കണ്ടെടുത്തിരുന്നു. 

മേഘാലയ പൊലീസിന്റെ അന്വേഷണത്തിൽ രാജയുടെ കുടുംബം അതൃപ്തി പ്രകടിപ്പിക്കുകയും അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കൊലക്കേസിൽ സോനത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ നിന്നുള്ള വാടകക്കൊലയാളികളെ സോനം ഭർത്താവിനെ കൊലപ്പെടുത്താൻ നിയോഗിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കേസിൽ ഒരാൾ കൂടി അറസ്റ്റിലാവാനുണ്ടെന്ന് മേഘാലയ ഡി.ജി.പി പറഞ്ഞു. 

Tags:    
News Summary - indore woman, who went missing in Meghalaya, arrested for husband's murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.